Monday, February 16, 2026

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: പഴയ വിദ്യാലയം ഇനി തുറക്കില്ല; വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രീമിയർ

വൻകൂവർ: ടംബ്ലർ റിഡ്ജിൽ ആറുപേരുടെ മരണത്തിനിടയാക്കിയ നടുക്കുന്ന കൂട്ടവെടിവെപ്പിന് ഒരാഴ്ച പിന്നിടുമ്പോൾ, വിദ്യാർത്ഥികളുടെ പഠനവും മാനസികാരോഗ്യവും വീണ്ടെടുക്കാനുള്ള നടപടികളുമായി അധികൃതർ. ദുരന്തം നടന്ന സ്കൂൾ കെട്ടിടത്തിലേക്ക് ഇനി മടങ്ങാൻ വിദ്യാർത്ഥികളെ നിർബന്ധിക്കില്ലെന്ന് ബ്രിട്ടി ഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. കൊല്ലപ്പെട്ടവർക്കായി സംഘടിപ്പിച്ച അനുശോചന ചടങ്ങിലാണ്, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ മറ്റൊരു പഠന സൗകര്യം ഒരുക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയത്.

നിലവിലെ കെട്ടിടം വിദ്യാലയമായി ഉപയോഗിക്കുന്നത് നിലവിൽ പരിഗണനയിലില്ലെന്നും കുട്ടികളുടെ താൽപ്പര്യത്തിനാകും മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 10-നായിരുന്നു ലോകത്തെയാകെ ഞെട്ടിച്ച വെടിവെപ്പ് നടന്നത്. 12-ഉം 13-ഉം വയസ്സുള്ള അഞ്ച് വിദ്യാർത്ഥികളും 39 വയസ്സുകാരിയായ വിദ്യാഭ്യാസ സഹായിയുമാണ് അന്ന് കൊല്ലപ്പെട്ടത്.

സംഭവത്തെത്തുടർന്ന് അടച്ചിട്ട സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുകയാണ്. ആഘാതത്തിൽ നിന്നും കുട്ടികളെയും അധ്യാപകരെയും മോചിപ്പിക്കാൻ ‘സേഫർ സ്കൂൾസ് ടുഗദർ’ (Safer Schools Together) എന്ന സംഘടനയിലെ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പീസ് റിവർ സൗത്ത് സ്കൂൾ ഡിസ്ട്രിക്റ്റ് ചെയർമാൻ ചാഡ് ആൻഡേഴ്സൺ അറിയിച്ചു. സ്കൂൾ കെട്ടിടം പൊളിച്ചുനീക്കണമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികളെ ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. എന്നാൽ ചില കുട്ടികൾക്ക് ആ പഴയ കെട്ടിടത്തിലേക്ക് മടങ്ങുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. അധ്യാപകരുടെ മാനസികാവസ്ഥയും പരിഗണിക്കേണ്ടതുണ്ടെന്നും ചിലർക്ക് അധ്യാപനത്തിലേക്ക് മടങ്ങാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. പോലീസ് പരിശോധന പൂർത്തിയാക്കി കെട്ടിടം വിട്ടുനൽകിയെങ്കിലും, കുട്ടികളുടെ സുരക്ഷയ്ക്കും മാനസികമായ ആശ്വാസത്തിനുമാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!