ഓട്ടവ : യുക്രെയ്ൻ-റഷ്യ യുദ്ധത്തെത്തുടർന്ന് കാനഡയിൽ അഭയം പ്രാപിച്ച യുക്രെയ്ൻ പൗരന്മാർ യുദ്ധം അവസാനിക്കുന്നതോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരുമെന്ന് കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ്. താൽക്കാലിക വീസയിൽ കാനഡയിലെത്തിയ നിരവധി യുക്രെയ്ൻ പൗരന്മാർക്ക് ഇവിടെ സ്ഥിരമായി താമസിക്കാൻ താല്പര്യപ്പെടുന്നുണ്ടെന്ന് ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് ഇമിഗ്രേഷൻ വകുപ്പ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

റഷ്യൻ അധിനിവേശത്തെത്തുടർന്ന് എമർജൻസി വർക്ക്-സ്റ്റഡി വീസാ പ്രോഗ്രാം വഴി ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേരാണ് കാനഡയിൽ എത്തിയത്. നിലവിൽ ഈ വീസയിലുള്ളവർക്ക് സ്ഥിരതാമസത്തിന് (Permanent Residency) പ്രത്യേക മുൻഗണന നൽകുന്നില്ല. കാനഡയുടെ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിലൂടെ സ്ഥിരതാമസത്തിന് ആവശ്യമായ പോയിന്റുകൾ പലർക്കുമില്ലാത്ത സാഹചര്യത്തിൽ ഇവർക്കായി പ്രത്യേക പി.ആർ പാത ഒരുക്കണമെന്ന് യുക്രേനിയൻ കനേഡിയൻ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
അതേസമയം കാനഡ അടുത്തിടെ തങ്ങളുടെ പി.ആർ ലക്ഷ്യങ്ങളിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നതിനാൽ പുതിയ പി.ആർ അപേക്ഷകർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. മാനുഷിക പരിഗണന കണക്കിലെടുത്ത് നൽകുന്ന പി.ആർ അപേക്ഷകൾക്ക് പത്ത് വർഷത്തിലധികം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. IRCC- യുടെ കണക്കുകൾ പ്രകാരം ഇതുവരെ 2,500 യുക്രെയ്ൻ പൗരന്മാർക്ക് മാത്രമേ കാനഡയിൽ സ്ഥിരതാമസാനുമതി ലഭിച്ചിട്ടുള്ളൂ.
