ഓട്ടവ : കാനഡയുടെ സുരക്ഷയ്ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഇനി ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. മൺട്രിയോളിൽ നടന്ന ചടങ്ങിൽ രാജ്യത്തിന്റെ ആദ്യത്തെ ‘പ്രതിരോധ വ്യവസായ നയം’ പുറത്തിറക്കവേയായിരുന്നു കാർണിയുടെ പ്രസ്താവന. വരും ദശകത്തിൽ ഫെഡറൽ പ്രതിരോധ കരാറുകളിൽ കനേഡിയൻ കമ്പനികളുടെ പങ്ക് 70 ശതമാനമായി ഉയർത്തുകയും പ്രതിരോധ കയറ്റുമതിയിൽ 50 ശതമാനം വർധന വരുത്തുകയുമാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിലോ സഖ്യകക്ഷികളുടെ സഹായത്തിലോ മാത്രം വിശ്വസിച്ച് സുരക്ഷാ കാര്യങ്ങളിൽ ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

660 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ‘ബിൽഡ്, പാർട്ണർ, ബൈ’ എന്ന മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സൈനിക ഉപകരണങ്ങൾ ആഭ്യന്തരമായി നിർമ്മിക്കുന്നതിനും സഖ്യരാജ്യങ്ങളുമായി സഹകരിച്ച് അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ഇതിലൂടെ മുൻഗണന നൽകും. എന്നാൽ, സർക്കാരിന്റെ ഈ നീക്കത്തെ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് രൂക്ഷമായി വിമർശിച്ചു. പദ്ധതി വെറുംവാക്കാണെന്നും, ബ്യൂറോക്രസി കുറച്ച് ഗവൺമെന്റിന്റെ പർച്ചേസിങ് രീതികൾ ലളിതമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
