ഓട്ടവ : ഫെഡറൽ സർക്കാരിന്‍റെ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി ലൈബ്രറി ആൻഡ് ആർക്കൈവ്സ് കാനഡയും ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്നു. തൊണ്ണൂറ്റി നാല് ജീവനക്കാർക്ക് ഏജൻസി നോട്ടീസ് നൽകി. അടുത്ത നാല് വർഷത്തിനുള്ളിൽ 1300 കോടി ഡോളർ ലാഭിക്കുക എന്ന ലക്ഷ്യത്തോടെ പൊതു മേഖലയിൽ നിന്ന് 40,000 തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് ഫെഡറൽ സർക്കാർ തീരുമാനം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ 33 വകുപ്പുകളിലായി 24,188 ജീവനക്കാർക്കും എക്സിക്യൂട്ടീവുകൾക്കും വർക്ക്ഫോഴ്‌സ് അഡ്ജസ്റ്റ്മെൻ്റ് നോട്ടീസുകൾ ലഭിച്ചു.

ലൈബ്രറി ആൻഡ് ആർക്കൈവ്സ് കാനഡയിലെ 90 ജീവനക്കാർക്കും നാല് എക്സിക്യൂട്ടീവുകൾക്കുമാണ് ഫെബ്രുവരിയിൽ വർക്ക്ഫോഴ്‌സ് അഡ്ജസ്റ്റ്മെൻ്റ് നോട്ടീസ് നൽകിയത്. അതേസമയം ലൈബ്രറി ആൻഡ് ആർക്കൈവ്സ് കാനഡയിലെ 82 അംഗങ്ങൾക്കും കനേഡിയൻ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ എംപ്ലോയീസിലെ ഒമ്പത് അംഗങ്ങൾക്കും നോട്ടീസ് ലഭിച്ചതായി ഫെബ്രുവരി 4 ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു.

തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ ജീവനക്കാർക്ക് മുന്നിൽ ‘അൾട്ടർനേഷൻ’ എന്നറിയപ്പെടുന്ന തൊഴിൽ കൈമാറ്റ രീതി ഒരു പോംവഴിയാണെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. ജോലി വിട്ടുപോകാൻ താൽപ്പര്യമുള്ള ഒരാൾക്ക് പകരം ജോലി ആവശ്യമുള്ള മറ്റൊരാളെ നിയമിക്കുന്ന രീതിയാണിത്. എന്നാൽ ഈ പ്രക്രിയ അത്യന്തം സങ്കീർണ്ണമാണെന്നും സഹപ്രവർത്തകർ തമ്മിൽ ശേഷിക്കുന്ന തസ്തികകൾക്കായി മത്സരിക്കേണ്ടി വരുമെന്നും യൂണിയനുകൾ കുറ്റപ്പെടുത്തുന്നു. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകി ജീവനക്കാരെ ഒഴിവാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
