Wednesday, February 18, 2026

ജിടിഎയിൽ ലിഥിയം-അയൺ ബാറ്ററി തീപിടുത്തങ്ങളിൽ വർധന; ജാഗ്രതാ നിർദ്ദേശം

ടൊറന്റോ: വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങൾ വർധിച്ചുവരുന്നതായി ഗ്രേറ്റർ ടൊറന്റോ, ഹാമിൽട്ടൺ ഏരിയ ഫയർ സർവീസ്. സാധാരണയായി വീട്ടുപകരണങ്ങളിൽ ഇവ വ്യാപകമാണെങ്കിലും, അടുത്ത കാലത്തുണ്ടായ ഭൂരിഭാഗം അപകടങ്ങളും ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ടൊറന്റോയിൽ 90 ലിഥിയം-അയൺ ബാറ്ററി തീപിടുത്തങ്ങൾ ഉണ്ടായതായും കഴിഞ്ഞ ജനുവരിയിൽ ഇതിനകം 11 അപകടങ്ങൾ ഉണ്ടായതായും ടൊറന്റോ ഫയർ സർവീസസ് (TFS) അറിയിച്ചു. ഇതിൽ അഞ്ചെണ്ണവും ഇ-ബൈക്ക് പോലുള്ള മൈക്രോ-മൊബിലിറ്റി ഉപകരണങ്ങൾ മൂലമായിരുന്നു. വേഗത വർധിപ്പിക്കുന്നതിനോ ചാർജ് കൂടുതൽ സമയം നിലനിൽക്കുന്നതിനോ വേണ്ടി ബാറ്ററികളിൽ കൃത്രിമം കാണിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ടൊറന്റോ ഫയർ സർവീസസ് ഡിവിഷൻ ചീഫ് മാർല ഫ്രീബ് പറഞ്ഞു.

ലിഥിയം-അയൺ ബാറ്ററികൾ തകരാറിലാകുമ്പോൾ, അവയിൽ നിന്ന് പുക ഉയരുകയും ശബ്ദത്തോടെ വികസിക്കുകയും ചെയ്യുന്നു. ‘തെർമൽ റൺവേ’ (Thermal Runaway) എന്ന അവസ്ഥയിൽ എത്തിയാൽ ഇവ പൊട്ടിത്തെറിക്കുകയും വിഷവാതകങ്ങൾ പുറന്തള്ളുകയും ചെയ്യും. ഏകദേശം 400 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഇത്തരം തീപിടുത്തങ്ങളിൽ ഉണ്ടാകാം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം സംഭവങ്ങളിൽ 162 ശതമാനം വർധനയുണ്ടായതായി ഇൻഷുറൻസ് കമ്പനിയായ അവിവ കാനഡയും വ്യക്തമാക്കി. സെൻട്രൽ യോർക്ക് ഫയർ സർവീസിന്റെ കണക്കനുസരിച്ച്, ബാറ്ററികൾ മൂലമുള്ള തീപിടുത്തങ്ങളിൽ 80 ശതമാനവും വീടുകളിലെ ഗാരേജുകളിലാണ് സംഭവിക്കുന്നത്.

അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിർമ്മാതാക്കൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഫയർ സർവീസ് അധികൃതർ നിർദ്ദേശിക്കുന്നു. ഉപകരണത്തോടൊപ്പം ലഭിക്കുന്ന ചാർജിങ് കേബിളുകൾ മാത്രം ഉപയോഗിക്കുക, കത്തുന്ന വസ്തുക്കളുടെ അടുത്തുനിന്ന് ബാറ്ററികൾ മാറ്റി സൂക്ഷിക്കുക, അമിതമായി ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നിവ പ്രധാനമാണ്. ബാറ്ററികൾ ഒരിക്കലും രാത്രി മുഴുവൻ ചാർജ് ചെയ്യാൻ ഇടരുത്. പഴയതോ കേടുവന്നതോ ആയ ബാറ്ററികൾ മുനിസിപ്പൽ റീസൈക്ലിങ് സെന്ററുകളിൽ സുരക്ഷിതമായി സംസ്കരിക്കണമെന്നും ഗാരേജുകളിൽ ഹീറ്റ് അലാറങ്ങൾ സ്ഥാപിക്കുന്നത് ഗുണകരമാകുമെന്നും ഫയർ സർവീസ് അധികൃതർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!