ഹാലിഫാക്സ് : ഹാലിഫാക്സിലെ ഭവനരഹിതരുടെ ജീവിതം പ്രമേയമാക്കി പ്രശസ്ത ചലച്ചിത്രകാരൻ ടെയ്ലർ ഓൾസൺ ഒരുക്കിയ ‘വാട്ട് വി ഡ്രീംഡ് ഓഫ് ദെൻ’ (What We Dreamed of Then) എന്ന ചിത്രം ശ്രദ്ധേയമാകുന്നു. സാമ്പത്തികമായി തകർന്ന ഒരു പിതാവ് തന്റെ വാനിൽ താമസിച്ച് മകനെ വളർത്താൻ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ഹാലിഫാക്സിലെ തെരുവുകളിലും പാർക്കുകളിലും ടെന്റുകളിൽ കഴിയുന്ന മനുഷ്യരുടെ യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നാണ് ചിത്രം രൂപപ്പെട്ടതെന്ന് നടൻ കൂടിയായ ഓൾസൺ പറഞ്ഞു.

സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും ഭവനരഹിതരാകേണ്ടി വരുന്ന സാഹചര്യം ഇന്നത്തെ കാലത്ത് ഉണ്ടായേക്കാമെന്നും, സഹാനുഭൂതിയോടെ ഈ പ്രശ്നത്തെ കാണണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വെള്ളിയാഴ്ച സിനിപ്ലക്സ് പാർക്ക് ലെയ്ൻ സിനിമയിൽ നടക്കുന്ന പ്രത്യേക പ്രദർശനത്തിന് ശേഷം വിവിധ ഭവന നിർമ്മാണ കമ്മീഷനുകളിലെ പ്രതിനിധികളുമായി ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ഹാലിഫാക്സ് റീജിനൽ മുനിസിപ്പാലിറ്റിയിൽ ഏകദേശം 1,150 പേർ ഭവനരഹിതരായി ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
