ഡബ്ലിൻ : അയർലൻഡിലെ ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിപെൻഡന്റ് വീസയിൽ ഒരു മാസം മുൻപ് അയർലൻഡിലെത്തിയ സാൻജോ സുനിൽ (31) ആണ് മരിച്ചത്. ഡബ്ലിനിലെ ഫിംഗ്ലാസ് ചാൾസ്ടൗണിലുള്ള വസതിയിലാണ് സാൻജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയും നഴ്‌സുമായ ലിഷ്മ ഫിലിപ്പിനൊപ്പമായിരുന്നു സാൻജോ താമസിച്ചിരുന്നത്. ഭർത്താവിന്റെ മരണത്തെത്തുടർന്ന് മാനസികാഘാതത്താൽ അത്യാസന്ന നിലയിലായ ലിഷ്മ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ള മലയാളി കുടുംബാംഗങ്ങളായ ഇവർ കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഇസ്രയേലിൽ ജോലി ചെയ്തിരുന്ന സാൻജോ അവിടെ നിന്നാണ് അയർലൻഡിലെത്തിയത്. അയർലൻഡിലെ മലയാളി ക്രിക്കറ്റ് ക്ലബ്ബുകളിലും പ്രാദേശിക കൂട്ടായ്മകളിലും സജീവമായിരുന്ന സാൻജോയുടെ അപ്രതീക്ഷിത വേർപാട് സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളുമായി പ്രാദേശിക മലയാളി സംഘടനകൾ രംഗത്തുണ്ട്.
