ഓട്ടവ : കാനഡയിലെ എക്സ്പ്രസ് എൻട്രി പ്രോഗ്രാമിൽ പുതിയ മൂന്ന് സ്ഥിരതാമസ (Permanent Residency) വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഇമിഗ്രേഷൻ മന്ത്രി ലെന ഡിയാബ്. ഗവേഷകർ, സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദേശ പൗരന്മാർ, കാനഡയിൽ പ്രവൃത്തിപരിചയമുള്ള സീനിയർ മാനേജർമാർ എന്നിവർക്കാണ് പുതിയ പദ്ധതിയിലൂടെ മുൻഗണന ലഭിക്കുക. രാജ്യത്തേക്ക് മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള ഫെഡറൽ തന്ത്രത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

ഗതാഗത മേഖലയിലെ പൈലറ്റുമാർ, എയർക്രാഫ്റ്റ് മെക്കാനിക്സ്, ഇൻസ്പെക്ടർമാർ എന്നിവർക്കും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കും പുതിയ സ്ട്രീമുകൾ വഴി എളുപ്പത്തിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാനാകും. നിലവിലുള്ള ഡോക്ടർമാർ, നഴ്സുമാർ, പ്ലംബർമാർ തുടങ്ങിയ വിഭാഗങ്ങൾക്ക് പുറമെയാണിത്. 2026-ലെ ഇമിഗ്രേഷൻ പ്ലാൻ പ്രകാരം താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനും സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരുന്ന സ്ഥിരതാമസക്കാർക്ക് മുൻഗണന നൽകാനുമാണ് കാനഡ ലക്ഷ്യമിടുന്നത്.
