ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളും മോശം കാലാവസ്ഥയും കാരണം റോഡുകളിൽ കുഴികൾ രൂപപ്പെടുന്നത് വാഹന ഉടമകളെ വലയ്ക്കുന്നു. റോഡിലെ കുഴികളിൽ വീണ് കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി മെക്കാനിക്കുകൾ പറയുന്നു.
കഴിഞ്ഞ അവധി ദിവസങ്ങളിൽ മാത്രം പന്ത്രണ്ടോളം കോളുകളാണ് കുഴികളിൽ വീണ് കേടുപാടുകൾ സംഭവിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് എറ്റോബിക്കോയിലെ ഒകെ ടയർ (OK Tire) ജനറൽ മാനേജർ സീൻ കൂണി-മാൻ പറഞ്ഞു. ഇത് സാധാരണ ലഭിക്കാറുള്ളതിനേക്കാൾ ഇരട്ടിയിലധികമാണ്. റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നത് കാരണം ഡ്രൈവർമാർക്ക് അവ വെട്ടിച്ചുമാറ്റുക പ്രയാസകരമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണയായി മാർച്ച്- ഏപ്രിൽ മാസങ്ങളിൽ മഞ്ഞ് ഉരുകിത്തുടങ്ങുമ്പോഴാണ് ഇത്തരം കുഴികൾ കാണാറുള്ളതെങ്കിലും, ഇത്തവണ ഫെബ്രുവരി പകുതിയോടെ തന്നെ ഈ പ്രതിസന്ധി ഉടലെടുത്തത് അസാധാരണമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തണുപ്പ് കഠിനമായതോടെ റോഡുകൾ വിണ്ടുകീറാൻ തുടങ്ങിയതാണ് ഇതിന് കാരണം. ടയറുകളുടെ റിം വളയുന്നതും പൊട്ടുന്നതും സസ്പെൻഷനുകൾ പൂർണ്ണമായും തകരാറിലാകുന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് വർക്ക്ഷോപ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേടുപാടുകൾ അനുസരിച്ച് 42 ഡോളർ മുതൽ 2,700 ഡോളർ വരെ അറ്റകുറ്റപ്പണികൾക്കായി ചിലവാകുന്നുണ്ടെന്ന് സീൻ കൂണി-മാൻ വ്യക്തമാക്കി. ടയറുകളിലെ വായുമർദ്ദം കൃത്യമായി പരിശോധിക്കുന്നതും വാഹനം സാവധാനം ഓടിക്കുന്നതും ഒരു പരിധിവരെ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
