ഡബ്ലിൻ : അയർലൻഡ് കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് (NDFEM). ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് പുറമെ, അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും എമർജൻസി ഗ്രൂപ്പ് പ്രവചിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ ചെറിയ മഴ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും, വേലിയേറ്റ സമയത്ത് തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഏറാൻ മുന്നറിയിപ്പ് നൽകിയതായും ഏജൻസി വ്യക്തമാക്കി.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഡോണഗേൽ, ലെയ്ട്രിം, സ്ലൈഗോ കൗണ്ടികളിൽ യെല്ലോ റെയിൻ ആൻഡ് സ്നോ അലർട്ടും, മറ്റ് പ്രധാന കൗണ്ടികളിൽ കനത്ത കാറ്റിനുള്ള മുന്നറിയിപ്പും നിലവിലുണ്ട്. മോശം കാലാവസ്ഥ ദൃശ്യപരത കുറയാനും യാത്രാ തടസ്സങ്ങൾക്കും കാരണമായേക്കാം. അതിനാൽ വാഹനമോടിക്കുന്നവർ ഗതാഗത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഏജൻസി ഓർമ്മിപ്പിച്ചു.
