മൺട്രിയോൾ : വലിയ ഡാറ്റാ സെന്ററുകൾക്കും ക്രിപ്റ്റോകറൻസി മൈനിങ് യൂണിറ്റുകൾക്കും വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിക്കാൻ ഹൈഡ്രോ കെബെക്ക്. വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പൊതുമേഖലാ സ്ഥാപനമായ ഹൈഡ്രോ കെബെക്ക് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 5 മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകൾക്ക് യൂണിറ്റിന് 13 സെന്റ് വീതം നൽകേണ്ടി വരും. നിലവിൽ ഈ മേഖലയിലുള്ളവർ നൽകുന്ന നിരക്കിന്റെ ഏകദേശം ഇരട്ടിയാണിത്.

ക്രിപ്റ്റോകറൻസി മൈനിങ് പോലെയുള്ള ബ്ലോക്ക്ചെയിൻ പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 19.5 സെന്റായും വർധിപ്പിച്ചു. റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ 2026-ന്റെ രണ്ടാം പകുതിയോടെ ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡാറ്റാ സെന്ററുകൾക്ക് പെട്ടെന്നുള്ള ആഘാതം ഒഴിവാക്കാൻ അഞ്ച് വർഷം കൊണ്ട് ഘട്ടം ഘട്ടമായാകും ഈ നിരക്ക് വർധന നടപ്പിലാക്കുക. ക്രിപ്റ്റോ മൈനിങ് യൂണിറ്റുകൾക്ക് ഇത് മൂന്ന് വർഷത്തെ സാവകാശത്തോടെ നടപ്പിലാക്കും.
