ഓട്ടവ : കാനഡയിലെ ഫസ്റ്റ് നേഷൻ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഫെഡറൽ ഭരണകൂടം നടത്തിയിരുന്ന ‘ഇന്ത്യൻ ഡേ സ്കൂളുകളുടെ’ ചരിത്രരേഖകൾ സമാഹരിക്കുന്ന പദ്ധതി അവസാന ഘട്ടത്തിലേക്ക്. ലൈബ്രറി ആൻഡ് ആർക്കൈവ്സ് കാനഡ (എൽഎസി) 2.5 കോടി ഡോളർ ചെലവിൽ ആരംഭിച്ച പദ്ധതിയിലൂടെ 60 ലക്ഷത്തോളം രേഖകളാണ് ഡിജിറ്റൈസ് ചെയ്തത്. 1860-കൾ മുതൽ 2000-ന്റെ തുടക്കം വരെ പ്രവർത്തിച്ചിരുന്ന എഴുനൂറോളം സ്കൂളുകളിലെ ഏകദേശം രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളുടെ ചരിത്രമാണ് ഇതിലൂടെ പുറംലോകത്തിന് ലഭ്യമാകുന്നത്. തദ്ദേശീയ ജനവിഭാഗങ്ങളുമായുള്ള അനുരഞ്ജന പ്രക്രിയയിലെ നിർണ്ണായക ചുവടുവെപ്പാണിതെന്ന് പദ്ധതിയുടെ മാനേജർ ബെത്ത് ഗ്രീൻഹോൺ വ്യക്തമാക്കി.

വിവിധയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന ആയിരക്കണക്കിന് ഫയലുകൾ കണ്ടെത്തി ക്രോഡീകരിക്കുക എന്നത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. സ്കൂളുകളുടെ പേരുകളിലെ മാറ്റങ്ങളും സങ്കീർണ്ണമായ സർക്കാർ സാങ്കേതിക പദാവലികളും ഗവേഷണത്തെ ബാധിച്ചിരുന്നു. എന്നാൽ, നിലവിൽ കീവേഡുകൾ ഉപയോഗിച്ച് ആർക്കും ഈ രേഖകൾ തിരയാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ഡേ സ്കൂൾ അതിജീവിതർക്കുള്ള നഷ്ടപരിഹാര അപേക്ഷാ കാലാവധി കഴിഞ്ഞ ശേഷമാണ് ഈ രേഖകൾ പുറത്തുവരുന്നത്. ഇത് ചരിത്രപരമായ നീതി നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്ന് വിദഗ്ധർ വിമർശിക്കുന്നു. സത്യവും അനുരഞ്ജനവും എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഈ ഡിജിറ്റൽ രേഖകൾ പ്രധാന തെളിവുകളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
