വിനിപെഗ്: മാനിറ്റോബയിലുള്ള ചർച്ചിൽ തുറമുഖം വികസിപ്പിക്കാനും ആർട്ടിക് പ്രദേശം വഴിയുള്ള കപ്പൽ ഗതാഗതം സജീവമാക്കാനും ലക്ഷ്യമിട്ട് ഫെഡറൽ സർക്കാർ. ഈ തുറമുഖത്തെ റോഡ്, റെയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് വഴി വ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്. പതിറ്റാണ്ടുകളായി ചർച്ചയിലുള്ള ഈ പദ്ധതി യാഥാർത്ഥ്യമായാൽ കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്തേകും.
കപ്പൽ ഗതാഗതത്തിന് തടസ്സമാകുന്ന മഞ്ഞുപാളികൾ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രത്യേക ഐസ്ബ്രേക്കർ കപ്പലുകളെക്കുറിച്ചുള്ള പഠനത്തിന് പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ അനുമതി നൽകിയിരുന്നു. ഖനനം, ഊർജ്ജം, ഭക്ഷ്യധാന്യം എന്നീ മേഖലകളിലെ വിദഗ്ധരുമായി ചർച്ച നടത്തി അവരുടെ താൽപ്പര്യം കൂടി കണക്കിലെടുത്താകും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക.

തുറമുഖ വികസനത്തിന് പുറമെ ഒരു ഊർജ്ജ ഇടനാഴിയും പൈപ്പ് ലൈനും നിർമ്മിക്കാനും സർക്കാരിന് പദ്ധതിയുണ്ട്. നിലവിൽ റെയിൽ വഴിയും വിമാനം വഴിയും മാത്രം എത്താൻ കഴിയുന്ന ചർച്ചിൽ നഗരത്തിലേക്ക് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന റോഡ് നിർമ്മിക്കുന്നതും പരിഗണനയിലാണ്. ഏകദേശം 2.5 ലക്ഷം ഡോളർ ചിലവ് വരുന്ന ഈ പഠനം പൂർത്തിയാകുന്നതോടെ ആർട്ടിക് വഴിയുള്ള അന്താരാഷ്ട്ര വ്യാപാരത്തിന് പുതിയ വഴി തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
