ഓട്ടവ: കാനഡയിലെ ആദ്യത്തെ ഇന്യൂട്ട് നേതൃത്വത്തിലുള്ള സർവ്വകലാശാലയുടെ വികസനത്തിനായി 5 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. തദ്ദേശീയ സേവന മന്ത്രി മാൻഡി ഗൾ-മാസ്റ്റി കെബെക്കിൽ വെച്ചായിരുന്നു ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. 2030-ഓടെ നൂനവൂട്ടിലെ ആർവിയറ്റിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സർവ്വകലാശാല ഇന്യൂട്ട് ഭാഷകളുടെ സംരക്ഷണത്തിനും മേഖലയിലെ സാംസ്കാരിക-സാമ്പത്തിക വളർച്ചയ്ക്കും മുൻഗണന നൽകും.
സർവ്വകലാശാലയ്ക്ക് പുറമെ, ഇന്യൂട്ട് സമൂഹത്തിലെ ക്ഷയരോഗ നിർമ്മാർജ്ജനം, ‘ന്യൂട്രീഷൻ നോർത്ത്’ പദ്ധതി, കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി 17.8 കോടി ഡോളർ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇന്യൂട്ട് വിഭാഗക്കാർക്കിടയിലെ ആരോഗ്യ-സാമൂഹിക സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ ‘ഇന്യൂട്ട് ചൈൽഡ് ഫസ്റ്റ് ഇനിഷ്യേറ്റീവ്’ എന്ന പദ്ധതി പ്രധാന പങ്ക് വഹിക്കുന്നു.

മാർച്ച് അവസാനത്തോടെ കാലാവധി തീരാനിരുന്ന ഈ പദ്ധതികൾക്ക് ഫണ്ട് നിർത്തലാക്കുന്നത് ഇന്യൂട്ട് കുടുംബങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സാമൂഹിക പ്രവർത്തകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇന്യൂട്ട് സമൂഹത്തിന് അർഹമായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലൂടെ മേഖലയിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്.
