മുംബൈ: വിദേശ നിക്ഷേപകരുടെ കരുത്തില്‍ ആഭ്യന്തര ഓഹരി വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെയാണ്. ആഗോള വിപണികളിലെ അനുകൂല പ്രവണതകളും നിക്ഷേപകരുടെ പണമൊഴുക്കും വിപണിയെ റെക്കോര്‍ഡ് കുതിപ്പിലേക്ക് നയിക്കുന്നു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 235.57 പോയിന്റ് (0.28%) ഉയര്‍ന്ന് 83,969.82 എന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 54 പോയിന്റ് (0.21%) നേട്ടത്തോടെ 25,873.35-ലുമാണ് വ്യാപാരം നടത്തുന്നത്.
ഐടി, ഓട്ടോ, മെറ്റല്‍ മേഖലകളിലെ മികച്ച പ്രകടനമാണ് വിപണിയുടെ മുന്നേറ്റത്തിന് അടിത്തറ പാകിയത്. നിഫ്റ്റി ഐടി സൂചിക 1.22 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി മെറ്റല്‍ 0.65 ശതമാനം നേട്ടമുണ്ടാക്കി. എന്നാല്‍ എഫ്എംസിജി, റിയല്‍റ്റി മേഖലകളില്‍ നേരിയ ഇടിവ് പ്രകടമാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ 1154 കോടി രൂപയുടെയും ആഭ്യന്തര നിക്ഷേപകര്‍ 440 കോടി രൂപയുടെയും അറ്റനിക്ഷേപം നടത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയ, ജപ്പാന് തുടങ്ങിയ ഏഷ്യന്‍ വിപണികളിലെ കുതിപ്പും ഇന്ത്യന്‍ വിപണിക്ക് ഊര്‍ജ്ജമായി.

വിപണി ഉണര്വിലാണെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പരാമര്‍ശം എണ്ണവില വര്‍ധിക്കാന്‍ കാരണമായി. അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ശക്തിപ്പെട്ടതോടെ ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇന്ന് ഇടിഞ്ഞു. കൂടാതെ, പണപ്പെരുപ്പം ഉയര്‍ന്നാല്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാണെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് അംഗങ്ങളുടെ സൂചന യുഎസ് ബോണ്ട് യീല്‍ഡ് ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
കമ്മോഡിറ്റി വിപണിയില്‍ സ്വര്‍ണവിലയും വെള്ളിവിലയും ഇന്ന് വീണ്ടും ഉയര്‍ന്നു. ബുധനാഴ്ചയുണ്ടായ വലിയ ഇടിവിന് ശേഷം 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,55,687 രൂപ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി കിലോയ്ക്ക് 2,65,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നു. ആഗോള തലത്തിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവിലയിലും വിപണിയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
