വാഷിങ്ടൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം അവസാനിപ്പിച്ചത് വ്യാപാര ഉപരോധം ഏർപ്പെടുത്തുമെന്ന തന്റെ ഭീഷണിയെത്തുടർന്നാണെന്ന് വീണ്ടും അവകാശപ്പെട്ടുകൊണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിൽ നടന്ന ‘ഗാസ ബോർഡ് ഓഫ് പീസ്’ ഉദ്ഘാടന സമ്മേളനത്തിലാണ് ട്രംപിന്റെ പ്രസ്താവന. എന്നാൽ, സംഘർഷം ലഘൂകരിക്കുന്നതിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇന്ത്യ നേരിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുൻപേ വ്യക്തമാക്കിയിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതോടെയാണ് നാല് ദിവസം നീണ്ട അതിശക്തമായ പോരാട്ടം നടന്നത്. ഈ സമയത്ത് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളെ താൻ നേരിട്ട് വിളിച്ചതായി ട്രംപ് പറഞ്ഞു. “യുദ്ധം തുടർന്നാൽ ഇരുരാജ്യങ്ങൾക്കും 200 ശതമാനം വ്യാപാര നികുതി ഏർപ്പെടുത്തുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകി. പണം നഷ്ടപ്പെടുമെന്ന് വന്നപ്പോൾ അവർ യുദ്ധം വേണ്ടെന്ന് വെച്ചു,” ട്രംപ് അവകാശപ്പെട്ടു. സംഘർഷത്തിനിടെ 11 വിലകൂടിയ യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. സമ്മേളനത്തിൽ പാക്ക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും ട്രംപ് പ്രശംസിച്ചു. ഷെഹ്ബാസ് ഷെരീഫ് തനിക്ക് പ്രിയപ്പെട്ട നേതാവാണെന്നും അസിം മുനീർ മികച്ച പ്രൊഫഷണലിസമുള്ള പോരാളിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
