കാൽഗറി: വടക്കുകിഴക്കൻ കാൽഗറിയിലെ ഹോട്ടലിൽ കാർബൺ മോണോക്സൈഡ് വാതകച്ചോർച്ചയെത്തുടർന്ന് നൂറിലധികം ആളുകളെ ഒഴിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സൺറിഡ്ജ് ബൊളിവാർഡിനും ബാർലോ ട്രയലിനും സമീപമുള്ള എമറാൾഡ് ഹോട്ടൽ ആൻഡ് സ്യൂട്ട്സിലാണ് സംഭവം നടന്നത്. ഹോട്ടലിന്റെ ബേസ്‌മെന്റിൽ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് മാരകമായ അളവിൽ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള 300 പിപിഎമ്മിലും അധികം കാർബൺ മോണോക്സൈഡ് രേഖപ്പെടുത്തിയതോടെ ഹോട്ടൽ പൂർണ്ണമായും ഒഴിപ്പിക്കാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.

ഏകദേശം 120 ഓളം പേരെയാണ് കെട്ടിടത്തിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഹോട്ടലിലെ ഒരു ബോയിലറിന്റെ തകരാറാണ് കാർബൺ മോണോക്സൈഡ് ചോർച്ചയ്ക്ക് കാരണമായതെന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.
