Friday, February 20, 2026

യുഎസ് നേതൃത്വം നൽകുന്ന പാക്സ് സിലിക്കയിൽ ഇന്ത്യയും അംഗം; പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: വിവിധ മേഖലകളിലെ സുരക്ഷിതവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി രൂപവത്കരിച്ച തന്ത്രപ്രധാന പാക്സ സിലിക്ക കൂട്ടായ്മയിൽ ഇന്ത്യ അംഗമായി. പാക്സ് സിലിക്കയുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഇന്ത്യ വെള്ളിയാഴ്ച ഒപ്പുവെച്ചു. നിർണായക ധാതുക്കൾ, അർധചാലകങ്ങൾ (semiconductors), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ സുരക്ഷിതമായ വിതരണശൃംഖല ഉറപ്പാക്കാൻ യുഎസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച അന്താരാഷ്ട്ര സഖ്യമാണിത്.

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലാണ് പ്രഖ്യാപനം ഒപ്പുവെച്ചത്. നിർണായക ധാതുക്കൾക്കും എഐയ്ക്കും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതും നൂതനമായതുമായ വിതരണശൃംഖല നിർമ്മിക്കുന്നതിനുള്ള ഒരു ചട്ടക്കൂടിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗികപ്രവേശനം ഇത് അടയാളപ്പെടുത്തുന്നു. അടുത്ത തലമുറ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ പ്രധാന വിഭവങ്ങളിലേക്ക് സുരക്ഷിതമായ പ്രവേശനം പ്രോത്സാഹിപ്പിക്കാനും സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഡിസംബറിൽ വാഷിങ്ടണിൽ നടന്ന പാക്സ് സിലിക്ക ഉച്ചകോടിയിൽ ഓസ്ട്രേലിയ, ഗ്രീസ്, ഇസ്രയേൽ, ജപ്പാൻ, ഖത്തർ, കൊറിയ, സിങ്കപ്പൂർ, യുഎഇ, യുകെ എന്നിവയുൾപ്പെടെയുള്ള പങ്കാളിത്ത രാജ്യങ്ങളുമായി ചേർന്നാണ് ഈ സംരംഭം ആരംഭിച്ചത്.

അസംസ്കൃത വസ്തുക്കൾ മുതൽ സെമികണ്ടക്ടറുകൾ, എഐ ഇൻഫ്രാസ്ട്രക്ചർ വരെയുള്ള വിതരണശൃംഖലയിലുടനീളം ആഴത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹകരണത്തിനായുള്ള പങ്കാളിത്തത്തോടൊപ്പം പരസ്പര അഭിവൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധതയും ഇതിലൂടെ സാധ്യമാകും. പാക്സ് സിലിക്കയിലൂടെ ഒരു ദീർഘകാല സാമ്പത്തിക ചട്ടക്കൂട് സൃഷ്ടിക്കപ്പെടുകയും ചെയ്യും. പാക്സ് സിലിക്കയിൽ ചേരാൻ ഇന്ത്യയെ ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!