ജറുസലെം: റമദാന്‍ മാസത്ത വരവേറ്റ് നാടും നഗരവും അലങ്കാരങ്ങളാലും വര്‍ണവിളക്കുകളാലും നിറയുമ്പോള്‍ ജറുസലെമില്‍ റമദാന്‍ അലങ്കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇസ്രയേല്‍. റമദാന്‍ ആഘോഷങ്ങളുടെ ഭാഗമായി ജറുസലെമിലെ പഴയ നഗരത്തിലും പരിസരങ്ങളിലും പതിവായി സ്ഥാപിക്കാറുള്ള വര്‍ണ്ണവിളക്കുകള്‍ക്കും അലങ്കാരങ്ങള്‍ക്കുമാണ് നിരോധനം. ഇസ്രയേലിന്റെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്.
മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് ഇസ്രയേല്‍ സുരക്ഷാ സേനയുടെ ഔദ്യോഗിക വിശദീകരണം. അല്‍-അഖ്സ പള്ളിയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അലങ്കാരങ്ങള്‍ക്കും വിലക്ക് വീണത്. ബുധനാഴ്ച പലസ്തീനില്‍ നോമ്പ് ആരംഭിച്ച പശ്ചാത്തലത്തില്‍, കിഴക്കന്‍ ജറുസലെമിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം സാന്നിധ്യം ശക്തമാക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രയേല്‍ സൈന്യം ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുകയാണെന്ന് ജറുസലെം നിവാസികള്‍ പറയുന്നു. നിയന്ത്രണങ്ങള്‍ക്കിടയിലും റമദാനിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, പതിവുപോലെ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന് പ്രദേശവാസിയായ അഹമ്മദ് മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു. ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയത് പഴയ നഗരത്തിലെ ചെറുകിട വ്യാപാരികളെയും സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മതപരമായ അവകാശങ്ങളെ ഹനിക്കാനും വിശ്വാസികളെ പ്രകോപിപ്പിക്കാനുമാണ് ഇത്തരം നടപടികളിലൂടെ ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് പലസ്തീന്‍ നേതാക്കള്‍ ആരോപിച്ചു.
റമദാന്‍ കാലത്തെ ഇസ്രയേലിന്റെ പ്രകോപനപരമായ നടപടികളെ വിവിധ അറബ് രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. വിശുദ്ധ മാസത്തില്‍ ജറുസലെമില്‍ സമാധാനം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും, ആരാധനാ സ്വാതന്ത്ര്യം തടയുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഇത്തരം നിയന്ത്രണങ്ങള്‍ സഹായിക്കൂ എന്നും വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
