Friday, February 20, 2026

പുതിയ ഫാഷനായി ‘അയണ്‍ ബേണ്‍’ ഷര്‍ട്ട്; വില 1 ലക്ഷം രൂപ

ബേണ്‍: ആഡംബര ഫാഷന്‍ ലോകത്തെ വിചിത്രമായ പരീക്ഷണങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇസ്തിരിയിടുമ്പോള്‍ അബദ്ധത്തില്‍ കരിഞ്ഞുപോയ വസ്ത്രത്തിന് സമാനമായ ഡിസൈനുള്ള ഒരു വെള്ള ഷര്‍ട്ടാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയം. സ്വിസ് ഫാഷന്‍ ബ്രാന്‍ഡായ ‘വെറ്റമെന്റ്‌സ്’ (Vetements) പുറത്തിറക്കിയ ഈ ‘അയണ്‍ ബേണ്‍’ (Iron Burn) ഷര്‍ട്ടിന് ഏകദേശം ഒരു ലക്ഷം രൂപയാണ് വില ഈടാക്കുന്നത്.

വസ്ത്രങ്ങള്‍ ഇസ്തിരി ഇടുമ്പോള്‍ അമിതമായി ചൂടേറ്റ് കരിഞ്ഞുപോയാല്‍ എങ്ങനെയുണ്ടാകുമോ, അതേ രൂപത്തിലാണ് ഈ ഷര്‍ട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷര്‍ട്ടിന്റെ ചില ഭാഗങ്ങളില്‍ ബ്രൗണ്‍ നിറത്തിലുള്ള കരിഞ്ഞ പാടുകള്‍ (Burn marks) വ്യക്തമായി കാണാം. കൃത്യമായി പറഞ്ഞാല്‍ 1,139 ഡോളര്‍, അതായത് ഏകദേശം 1,03,000 ഇന്ത്യന്‍ രൂപയാണ് ഈ ബ്രാന്‍ഡഡ് ഷര്‍ട്ടിന്റെ വിപണി വില. അബദ്ധങ്ങള്‍ പോലും ആഡംബരമായി വില്‍ക്കാമെന്ന ബ്രാന്‍ഡിന്റെ ഈ പരീക്ഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഷര്‍ട്ടിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ രസകരമായ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. ‘എന്റെ അമ്മ പണ്ടേ എനിക്ക് സൗജന്യമായി ചെയ്തു തന്നിട്ടുള്ള ഡിസൈനാണിത്’ എന്നും, ഇതിന് ലക്ഷങ്ങള്‍ നല്‍കാന്‍ ആളുണ്ടോ എന്നുമാണ് ഭൂരിഭാഗം പേരുടെയും ചോദ്യം. ഇനി മുതല്‍ ഇസ്തിരിയിടുമ്പോള്‍ ഷര്‍ട്ട് കരിഞ്ഞാല്‍ വിഷമിക്കേണ്ടതില്ലെന്നും അതൊരു ലക്ഷം രൂപയുടെ ഫാഷനാണെന്ന് പറഞ്ഞാല്‍ മതിയെന്നും ചിലര്‍ പരിഹസിച്ചു.

വിചിത്രമായ ഡിസൈനുകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് ഫാഷന്‍ ലോകത്ത് ഇതാദ്യമായല്ല. മുന്‍പ് ചളി പുരണ്ട രീതിയിലുള്ള ജീന്‍സുകളും, മുഷിഞ്ഞ ഷൂസുകളും, ചാക്കുസഞ്ചിക്ക് സമാനമായ ബാഗുകളുമെല്ലാം വലിയ വിലയ്ക്ക് വിറ്റഴിച്ച് ബ്രാന്‍ഡുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെറ്റമെന്റ്‌സിന്റെ ഈ പുതിയ ‘അയണ്‍ ബേണ്‍’ പരീക്ഷണമെന്നും വിലയിരുത്തപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!