മൺട്രിയോൾ: തെരുവോരങ്ങളിലുള്ള താൽക്കാലിക താമസകേന്ദ്രങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള പുതിയ നയങ്ങൾ പ്രഖ്യാപിച്ച് മൺട്രിയോൾ, Longueuil മേയർമാർ. ഭവനരഹിതരെ തെരുവുകളിൽ നിന്ന് മാറ്റി സുരക്ഷിതമായ താമസസ്ഥലങ്ങളിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൺട്രിയോൾ മേയർ സോറയ മാർട്ടിനെസ് ഫെറാഡ പറഞ്ഞു. സുരക്ഷയും അന്തസ്സും ഉറപ്പാക്കിക്കൊണ്ട് ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള പുതിയ കർമ്മപദ്ധതി ഇരു നഗരങ്ങളും സംയുക്തമായി പുറത്തിറക്കി.
പുതിയ നിയമപ്രകാരം ഓരോ താമസസ്ഥലവും കൃത്യമായി പരിശോധിക്കുകയും ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ആവശ്യമായ സേവനങ്ങൾ നൽകുകയും ചെയ്യും. ക്യാംപുകൾ ഒഴിപ്പിക്കുന്നത് അവസാന പോംവഴി മാത്രമായിരിക്കും. ഭവനരഹിതരെ മാറ്റിപ്പാർപ്പിക്കുന്നതിനായി മൺട്രിയോളിൽ ചില പ്രത്യേക മേഖലകൾ (tolerance zones) നിശ്ചയിക്കാനും കൂടുതൽ വീടുകളും സഹായങ്ങളും ലഭ്യമാക്കാനും നഗരസഭ തീരുമാനിച്ചു.

Longueuil നഗരത്തിൽ കർശനമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും 250 മീറ്റർ പരിധിയിൽ ടെന്റുകൾ പാടില്ല. ഒരു പൊതുസ്ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ താമസിക്കാൻ അനുവദിക്കില്ലെന്നും ഒരാൾക്ക് ഒരു ടെന്റ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്നും നിർദ്ദേശമുണ്ട്. നഗരത്തിൽ എല്ലാവർക്കും സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് ഈ നിയന്ത്രണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
