കണ്ണൂർ: കേരളത്തിന്റെ സ്വന്തം ‘കണ്ണൂർ ഫെനി’ ( കെ – ഫെനി) മാർച്ച് 10 നകം വിപണിയിലേക്ക് എത്തും. ഗോവൻ ഫെനിയെ പോലെ കശുമാങ്ങയിൽ നിന്നാണ് കെ – ഫെനി നിർമിക്കുന്നത്. പ്രശസ്തമായ ഗോവൻ ഫെനിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് കണ്ണൂർ ഫെനി ഉത്പാദനം. കണ്ണൂർ ജില്ലയിൽ നിന്നും സംഭരിക്കുന്ന കശുമാങ്ങ നീര് വാറ്റിയാണ് ഈ കേരളാ മോഡൽ വിപണിയിലെത്തിക്കുക. കണ്ണൂർ പയ്യാവൂർ ആനയടിയിൽ ഫാക്ടറി നിർമാണം അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ കെ ഫെനിയുടെ നിർമാണം ആരംഭിക്കും. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കെ-ഫെനിയുടെ നിർമ്മാണം നടക്കുന്നത്. കശുമാങ്ങ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതി ബാങ്കിന് നേരത്തെ ലഭിച്ചിരുന്നു.

ബിവറേജ്സ് കോർപ്പറേഷൻ വഴിയാണ് ഇതിന്റെ വിപണനം നടക്കുക. ഫെനി നിർമാണത്തിനാവശ്യമായ കശുമാങ്ങ ശേഖരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കശുമാങ്ങ സീസണായ ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് കണ്ണൂർ ഫെനി പ്രധാനമായും നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കശുവണ്ടി കർഷകർക്ക് കശുമാങ്ങയിലൂടെ അധിക വരുമാനം ഉറപ്പാക്കുന്ന ഒരു പദ്ധതി കൂടിയാണിത്.
