Friday, February 20, 2026

മാനിറ്റോബയിൽ വീണ്ടും ഗ്രേ ലിസ്റ്റിങ്; സുരക്ഷയില്ലാതെ ജോലിയില്ലെന്ന് നഴ്സുമാർ

വിനിപെ​ഗ്: സെന്റ് ബോണിഫേസ് ആശുപത്രിയിലെ സുരക്ഷാ വീഴ്ചകളിൽ പ്രതിഷേധിച്ച് സ്ഥാപനത്തെ ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തി മാനിറ്റോബ നഴ്‌സസ് യൂണിയൻ (MNU). ആശുപത്രിയിലെ 94% നഴ്‌സുമാരും ഗ്രേ ലിസ്റ്റിങിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടർന്നാണ് നീക്കം. അതിക്രമങ്ങളും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളും ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കടുത്ത നടപടിയെന്ന് യൂണിയൻ പ്രസിഡന്റ് ഡാർലിൻ ജാക്സൺ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാനിറ്റോബയിൽ ഇത്തരത്തിൽ നിയന്ത്രണം നേരിടുന്ന മൂന്നാമത്തെ പ്രധാന ആശുപത്രിയാണിത്.

അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ നിലനിൽക്കുന്ന ആശുപത്രികളിൽ നിലവിലുള്ള ജീവനക്കാരും പുതുതായി ജോലിക്ക് ചേരാൻ ആഗ്രഹിക്കുന്നവരും പ്രവേശിക്കരുത് എന്ന് യൂണിയൻ ഔദ്യോഗികമായി നൽകുന്ന നിർദ്ദേശമാണ് ‘ഗ്രേ ലിസ്റ്റിങ്’. ഇതൊരു പണിമുടക്കോ സമരമോ അല്ലെങ്കിലും, സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും. 2025-ൽ ഹെൽത്ത് സയൻസസ് സെന്റർ (HSC), തോംസൺ ജനറൽ ഹോസ്പിറ്റൽ എന്നിവയും സമാനമായ സുരക്ഷാ പ്രശ്നങ്ങൾ മൂലം ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.

നഴ്‌സുമാർ മുന്നോട്ടുവെച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. സുരക്ഷിതമായ തൊഴിൽ സാഹചര്യവും രോഗികൾക്ക് മികച്ച പരിചരണം നൽകാനുള്ള പിന്തുണയുമാണ് നഴ്‌സുമാർ ആവശ്യപ്പെടുന്നത്. അതേസമയം, ആശുപത്രികളിൽ കൂടുതൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ പരിഷ്കാരങ്ങൾ മാനിറ്റോബ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!