വാഷിങ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദപരമായ ‘ലിബറേഷൻ ഡേ’ താരിഫ് പദ്ധതിക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. അന്താരാഷ്ട്ര വ്യാപാര പങ്കാളികൾക്ക് മേൽ ഏകപക്ഷീയമായി വലിയ തോതിൽ നികുതി ചുമത്താനുള്ള പ്രസിഡന്റിന്റെ നീക്കം 6-3 എന്ന ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് വ്യാപാര നികുതികൾ നിശ്ചയിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്താരാഷ്ട്ര സാമ്പത്തിക അടിയന്തര അധികാര നിയമം (IEEPA) ഉപയോഗിച്ചാണ് ട്രംപ് ഈ നികുതികൾ ഏർപ്പെടുത്തിയത്. എന്നാൽ ഈ നിയമം നികുതി ചുമത്താൻ പ്രസിഡന്റിനെ അനുവദിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. യുഎസിന്റെ വ്യാപാരക്കമ്മി ഒരു ദേശീയ അടിയന്തരാവസ്ഥയാണെന്നും അത് പരിഹരിക്കാൻ ഇത്തരം താരിഫുകൾ അനിവാര്യമാണെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ നിലപാട്. ഈ നീക്കത്തെ ജീവൻ മരണ പോരാട്ടം എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചിരുന്നത്.

നികുതി നിശ്ചയിക്കാനുള്ള അധികാരം ഭരണഘടനാനുസൃതമായി കോൺഗ്രസിനാണ് (പാർലമെന്റ്) ഉള്ളതെന്നും അത് പ്രസിഡന്റിന് സ്വന്തം ഇഷ്ടപ്രകാരം ഏറ്റെടുക്കാൻ കഴിയില്ലെന്നും കോടതി വിധിയിൽ ഊന്നിപ്പറഞ്ഞു. അതേ സമയം സുപ്രീം കോടതിയുടെ വിധി രാഷ്ട്രീയ വിശേഷിപ്പിച്ച ട്രംപ് രാജ്യത്തെ വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള തന്റെ ശ്രമങ്ങളെ കോടതി തടയുകയാണെന്നാണ് ആരോപിച്ചു. വിധിയെ സ്വാഗതം ചെയ്ത അന്താരാഷ്ട്ര വ്യാപാര സംഘടനകൾ ഗോള വിപണിയിൽ സ്ഥിരത കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിധിക്ക് പിന്നാലെ കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന അധിക നികുതികൾ പിൻവലിക്കേണ്ടി വരും. ഇത് വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെക്കും.
