മിലാനോ: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോക കർലിംഗ് സിംഹാസനത്തിലേക്ക് പോരാട്ടവീര്യത്തോടെ തിരിച്ചെത്തി കാനഡ. ആവേശകരമായ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടന്റെ ബ്രൂസ് മൗട്ടിനെ 9-6 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ബ്രൗഡ് ജേക്കബ്സ് നയിച്ച കനേഡിയൻ പുരുഷ ടീം സ്വർണം നേടിയത്. 2014-ന് ശേഷം ആദ്യമായാണ് പുരുഷ കർലിംഗിൽ കാനഡ ഒളിംപിക് സ്വർണം നേടുന്നത്. ഈ വിജയത്തോടെ രണ്ട് ഒളിംപിക് സ്വർണ്ണ മെഡലുകൾ നേടുന്ന ആദ്യ പുരുഷ കർലിംഗ് സ്കിപ്പ് എന്ന ലോക റെക്കോർഡ് ഒന്റാരിയോ സ്വദേശിയായ ബ്രൗഡ് ജേക്കബ്സ് സ്വന്തമാക്കി. 2014-ലെ സോച്ചി ഒളിമ്പിക്സിലും ജേക്കബ്സ് സ്വർണം നേടിയിരുന്നു. മത്സരത്തിന്റെ ഒൻപതാം എൻഡ് വരെ കാനഡ 6-5 എന്ന നിലയിൽ പിന്നിലായിരുന്നു. എന്നാൽ ഒൻപതാം എൻഡിൽ മൂന്ന് പോയിന്റുകൾ നേടി ജേക്കബ്സ് കളി തിരിച്ചുപിടിച്ചു (8-6). പത്താം എൻഡിൽ ബ്രിട്ടന്റെ ബ്രൂസ് മൗട്ടിന് ലക്ഷ്യം കാണാൻ കഴിയാതെ പോയതോടെ കാനഡ സ്വർണം ഉറപ്പിക്കുകയായിരുന്നു. ബ്രൗഡ് ജേക്കബ്സ്, മാർക്ക് കെന്നഡി, ബ്രെറ്റ് ഗാലന്റ്, ബെൻ ഹെബെർട്ട് എന്നിവരടങ്ങിയ സംഘമാണ് കാനഡയെ വിജയത്തിലെത്തിച്ചത്.

ഈ സ്വർണ്ണത്തോടെ 2026 ഒളിമ്പിക്സിൽ കാനഡയുടെ ആകെ മെഡൽ നേട്ടം 20 ആയി ഉയർന്നു. ഇതിൽ അഞ്ചെണ്ണം സ്വർണ്ണ മെഡലുകളാണ്. നേരത്തെ റൈച്ചൽ ഹോമാന്റെ നേതൃത്വത്തിലുള്ള വനിതാ ടീം വെങ്കല മെഡൽ നേടിയിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ സ്വീഡനുമായുള്ള മത്സരത്തിനിടെ ‘ഡബിൾ ടച്ചിംഗ്’ നിയമവുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ വിവാദങ്ങളെയെല്ലാം അതിജീവിച്ചാണ് കാനഡ കിരീടത്തിലേക്ക് കുതിച്ചത്.
