Saturday, February 21, 2026

”ഓഫീസിൽ വരാം, കസേരകൾ എവിടെ?”ഫെഡൽ ജീവനക്കാരുടെ 4 ദിവസ ജോലി പ്രതിസന്ധിയിൽ

ഓട്ടവ: ജൂലൈ 6 മുതൽ ആഴ്ചയിൽ നാല് ദിവസം ഓഫീസിലെത്തി ജോലി ചെയ്യണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ ഓഫീസുകളിൽ മതിയായ സ്ഥലസൗകര്യമില്ലെന്ന് സമ്മതിച്ച്‌ ട്രഷറി ബോർഡ് ഓഫ് കാനഡ. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിലെത്തണമെന്ന നിയമം നിലനിൽക്കെയാണ് ഇത് നാല് ദിവസമാക്കി വർധിപ്പിച്ചത്‌. ചില വകുപ്പുകളിൽ എല്ലാ ജീവനക്കാരെയും ഒരേസമയം ഉൾക്കൊള്ളാൻ ആവശ്യമായ വർക്ക് സ്റ്റേഷനുകളോ ഡെസ്ക്കുകളോ ഇല്ലെന്ന് ട്രഷറി ബോർഡ് വക്താവ് മാർട്ടിൻ പോട്ട്വിൻ അറിയിച്ചു. നിലവിൽ മൂന്ന് ദിവസം ഓഫീസിൽ വരുമ്പോൾ തന്നെ ഇരിക്കാൻ ഇടമില്ലാത്ത അവസ്ഥയാണെന്നും പിന്നെങ്ങനെ നാല് ദിവസം വരുമെന്നുമാണ്‌ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) ഉയർത്തുന്ന ചോദ്യം. പലയിടങ്ങളിലും ഷെയർഡ് ഡെസ്ക്കുകൾ നേരത്തെ തന്നെ ബുക്ക് ചെയ്‌ത അവസ്ഥയിലാണ്. ജൂലൈ 6-ന് തന്നെ മാറ്റം കർശനമായി നടപ്പിലാക്കുമെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും, ഇതൊരു അന്തിമ തീരുമാനമല്ലെന്ന് യൂണിയൻ പ്രതിനിധികൾ പറയുന്നു. ഘട്ടംഘട്ടമായുള്ള ഒരു മാറ്റമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് യൂണിയനുകൾ വ്യക്തമാക്കി.

2024 സെപ്റ്റംബറിലാണ് ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ വരണമെന്ന നിബന്ധന വന്നത്. പുതിയ ഉത്തരവ് പ്രകാരം സാധാരണ ജീവനക്കാർ നാല് ദിവസവും, എക്സിക്യൂട്ടീവ് തലത്തിലുള്ളവർ അഞ്ച് ദിവസവും ഓഫീസിൽ ഹാജരാകണം. ഗതാഗത സൗകര്യങ്ങളും ഓഫീസ് സ്ഥലത്തിന്റെ ലഭ്യതയും പരിഗണിക്കാതെയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നുമാണ്‌ വിദഗ്‌ദ്ധരുടെ അഭിപ്രായം. ജീവനക്കാർ ഓഫീസിലേക്ക് മടങ്ങുന്നത് നഗരങ്ങളിലെ ചെറുകിട ബിസിനസ്സുകൾക്ക് ഗുണകരമാകുമെങ്കിലും, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഏറെയാണെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!