വിനിപെഗ്: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി കാനഡയിലെ മലയാളി അസോസിയേഷൻ ഓഫ് മാനിറ്റോബ (MAM) സംഘടിപ്പിച്ച ധനസഹായം വിതരണം ചെയ്‌തു. ദുരന്തത്തിൽ ഉറ്റവരെ നഷ്‌ടപ്പെട്ട് അനാഥരായി മാറിയ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കുന്നതിനായുള്ള സാമ്പത്തിക സഹായമാണ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൈമാറിയത്. അസോസിയേഷൻ പ്രതിനിധി പ്രിൻസ് ജോസഫ് വയനാട്ടിൽ നേരിട്ടെത്തിയാണ് തുക നൽകിയത്. അവന്തിക പ്രശോഭ്. കെ., അഭിനന്ദ് പി.എസ്., സഞ്ജിത്ത് യൂസഫ് പി, മുഹമ്മദ് ഹാനി എന്നിവരാണ് വിദ്യാഭ്യാസസഹായം ഏറ്റുവാങ്ങിയത്. ഏറ്റവും അർഹരായവരെ കണ്ടെത്തുന്നതിനായി കാര്യക്ഷമതയോടെ ഒരേ മനസോയാടെയാണ് സംഘടന പ്രവർത്തിച്ചത്.

വളരെ സുതാര്യമായ രീതിയിലാണ് അർഹരായ എല്ലാ കുട്ടികളെയും കണ്ടെത്തിയതെന്നും ഉത്തരവാദിത്തവും സാമൂഹ്യപ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചാണ് സംഘടനയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതെന്നും സംഘടനയുടെ പ്രസിഡൻ്റ് ലിയോ ചെമ്മച്ചെൽ പറഞ്ഞു.സതേൺ സ്പൈസസ് എന്ന സ്ഥാപനമാണ് വിദ്യാഭ്യാസ സഹായധനത്തിന് ഏറ്റവും വലിയ പിന്തുണ നൽകിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

അതേ പോലെ ഈ കൂട്ടായ്മയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകി സഹായിച്ച മറ്റുള്ളവർക്കും വോളണ്ടിയർമാർക്കും അസോസിയേഷൻ നന്ദി രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ തളരാതെ നിൽക്കുന്ന വയനാടൻ ജനതയ്ക്കൊപ്പം ലോകത്തിന്റെ ഏത് കോണിലായാലും മലയാളി സമൂഹവും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് മാനിറ്റോബയിലെ മലയാളി കൂട്ടായ്മ ദുരന്തബാധിതർക്ക് നൽകിയത്.
