വാഷിങ്ടൺ: 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് II ദൗത്യത്തിന്റെ വിക്ഷേപണം നിശ്ചയിച്ച സമയത്ത് നടക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. റോക്കറ്റിലെ ഹീലിയം പ്രവാഹത്തിലുണ്ടായ ചില തകരാറുകളാണ് ദൗത്യത്തിന് തിരിച്ചടിയായത്.
മാർച്ച് 6-ന് വിക്ഷേപണം നടത്താനായിരുന്നു നാസ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ മുന്നോടിയായി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വച്ച് നടന്ന 50 മണിക്കൂർ നീണ്ട സുരക്ഷാ പരിശോധനയ്ക്കിടെയാണ് തകരാർ കണ്ടെത്തിയത്. റോക്കറ്റ് ടാങ്കുകളിൽ ഇന്ധനം നിറയ്ക്കുന്നതിനും സിസ്റ്റങ്ങൾ തണുപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഹീലിയം വാതകത്തിന്റെ ഒഴുക്കിൽ തടസ്സമുണ്ടായെന്നാണ് എഞ്ചിനീയർമാരുടെ നിരീക്ഷണം. അതീവഗുരുതരമായ തകരാർ ആണിതെന്നും മാർച്ച് മാസത്തിലെ വിക്ഷേപണ വിൻഡോയെ ഇത് ബാധിക്കുമെന്നും നാസ അറിയിച്ചു. യു.എസ് ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കനേഡിയൻ യാത്രികൻ ജെറമി ഹാൻസെയുമാണ് സംഘത്തിലുള്ളത്.

ചന്ദ്രന്റെ മറുപുറം സന്ദർശിച്ച ശേഷം ഇവർ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. മനുഷ്യൻ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രയായിരിക്കും ഇത്. ആർട്ടെമിസ് II വിജയിച്ചാൽ മാത്രമേ 2028-ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർട്ടെമിസ് III ദൗത്യവുമായി നാസയ്ക്ക് മുന്നോട്ട് പോകാൻ കഴിയൂ. വിക്ഷേപണ ഡയറക്ടർ ചാർലി ബ്ലാക്ക്‌വെൽ-തോംസൺ നേരത്തെ ടീമിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. എങ്കിലും നേരത്തെയുണ്ടായ ഹൈഡ്രജൻ ചോർച്ച പരിഹരിച്ചതിന് പിന്നാലെ സംഭവിച്ച ഹീലിയം പ്രതിസന്ധി ബഹിരാകാശ ശാസ്ത്രജ്ഞർക്ക് വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.
