വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏകപക്ഷീയമായ ഇറക്കുമതി തീരുവകൾക്കെതിരെ സുപ്രീം കോടതിയിൽ വാദിച്ചു ജയിച്ചത് ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ. 1977-ലെ അടിയന്തര സാമ്പത്തിക നിയമം ഉപയോഗിച്ച് നികുതി ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. ട്രംപ് നിയമിച്ച രണ്ട് ജഡ്ജിമാർ ഉൾപ്പെടെ ആറ് പേർ ട്രംപിനെതിരെ വോട്ട് ചെയ്തത് നീൽ കത്യാലിന്റെ വാദങ്ങൾക്കുള്ള അംഗീകാരമായി. പ്രസിഡന്റ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും നികുതി ചുമത്താനുള്ള അധികാരം ജനപ്രതിനിധി സഭയായ കോൺഗ്രസിനാണെന്നും ഈ വിധി അടിവരയിടുന്നു.

മുൻപ് ബരാക് ഒബാമ ഭരണകൂടത്തിൽ ആക്ടിങ് സോളിസിറ്റർ ജനറലായിരുന്ന നീൽ കത്യാൽ, തീരുവകൾ മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾക്ക് വേണ്ടിയാണ് കോടതിയിൽ ഹാജരായത്. പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് എന്തും ചെയ്യാമെന്ന ട്രംപിന്റെ വാദം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണെങ്കിൽ പോലും രാജ്യത്തെ നിയമവാഴ്ചയ്ക്കും ഭരണഘടനയ്ക്കും കീഴിലായിരിക്കണം പ്രസിഡന്റ് എന്ന് ഈ വിധി തെളിയിച്ചതായി അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരുടെ മകനായി ചിക്കാഗോയിൽ ജനിച്ച നീൽ കത്യാൽ, സുപ്രീം കോടതിയിൽ അമ്പതിലധികം കേസുകൾ വാദിച്ച പ്രഗത്ഭനായ അഭിഭാഷകനാണ്. നിലവിൽ ജോർജ്ടൗൺ സർവകലാശാലയിലെ നിയമ പ്രൊഫസറായ അദ്ദേഹം, ഈ വിജയത്തെ അമേരിക്കൻ നിയമചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിശേഷിപ്പിക്കുന്നത്. അധികാര വിഭജനത്തിന്റെ പ്രാധാന്യവും വ്യക്തിതാൽപ്പര്യങ്ങളേക്കാൾ വലിയതാണ് ഭരണഘടനയെന്നും ഉറപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
