ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഭീകരപ്രവർത്തകരുടെ ഒളിത്താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി പാക്കിസ്ഥാൻ. നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാന്റെ (TTP) കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാക്ക് സൈനികർക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടി. കിഴക്കൻ, തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം ഞായറാഴ്ച വ്യോമാക്രമണം നടത്തിയെന്ന് അഫ്ഗാൻ പ്രാദേശിക മാധ്യമങ്ങളും പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയവുമാണ് റിപ്പോർട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ പക്തിക, പക്തിയൻ നൻഗർഹർ പ്രവിശ്യകളിലെ അതിർത്തി മേഖലകളിലായിരുന്നു ആക്രമണമെന്ന് കരുതുന്നു. ഏതൊക്കെ മേഖലകളിലാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് അഫ്ഗാനിസ്ഥാനിലെ ഒളിത്താവളങ്ങളിൽ നിന്നാണെന്നാണ് പാക്കിസ്ഥാൻ്റെ പ്രധാന ആരോപണം.

തങ്ങളുടെ പരമാധികാരം ലംഘിച്ചുവെന്ന് ആരോപിച്ച് അഫ്ഗാൻ താലിബാൻ ഭരണകൂടം ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം തുടങ്ങിയശേഷം അതിർത്തി കടന്നുള്ള ഭീകരവാദം കൂടിയെന്നാണ് പാക്കിസ്ഥാൻ്റെ ആരോപണം. ടിടിപി ഭീകരർക്ക് അഫ്ഗാൻ താലിബാൻ അഭയം നൽകുന്നുവെന്നും പാക്കിസ്ഥാൻ വിമർശിക്കുന്നു. കഴിഞ്ഞ വർഷം ടിടിപി നടത്തിയ ആക്രമണങ്ങളിൽ 311 ൽ അധികം സൈനികർ ഉൾപ്പെടെ 500 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
