Saturday, February 21, 2026

‘കാനഡയുടെ വ്യാജരാജ്ഞി’ റൊമാന ഡിഡുലോയുടെ കോടതി നടപടികൾ നീളുന്നു; പ്രാഥമിക വിചാരണ ഏപ്രിലിൽ

റെജൈന: സ്വയം പ്രഖ്യാപിത ‘കാനഡ രാജ്ഞി’ റൊമാന ഡിഡുലോയുടെ പ്രാഥമിക കോടതി വിചാരണ മാറ്റി വെച്ചു. മാർച്ച് 2-ന് ആരംഭിക്കാനിരുന്ന വിചാരണ ഏപ്രിൽ 13-ലേക്കാണ് മാറ്റിയത്‌. കേസ് കൈകാര്യം ചെയ്തിരുന്ന ക്രൗൺ പ്രോസിക്യൂട്ടർ കർട്ടിസ് വീബെപ്രൊവിൻഷ്യൽ കോടതി ജഡ്ജിയായി നിയമിതനായതാണ് വിചാരണ വൈകാൻ പ്രധാന കാരണം. കേസ് പുതിയ പ്രോസിക്യൂട്ടറെ ഏൽപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്‌. കോടതി ഉത്തരവുകൾ ലംഘിക്കുക, നീതിന്യായ വ്യവസ്ഥയിൽ ഇടപെടുന്നവരെ ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ഡിഡുലോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സസ്‌കാച്വാൻ റിച്ച്മൗണ്ട് ഗ്രാമത്തിലെ ഒരു സ്കൂൾ കെട്ടിടത്തിൽ അതിക്രമിച്ച്‌ താമസിച്ചിരുന്ന ഡിഡുലോയെയും അനുയായികളെയും 2025 സെപ്റ്റംബറിൽ പൊലീസ്‌ റെയ്ഡിൽ ഇവർ പിടികൂടിയിരുന്നു. ഡിഡുലോയ്‌ക്കൊപ്പം അറസ്റ്റിലായ മൂന്ന് അനുയായികൾക്കെതിരെയുള്ള കുറ്റങ്ങൾ കഴിഞ്ഞ ദിവസം കോടതി റദ്ദാക്കി. പോലീസിനോട് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ചതിനായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഡിഡുലോ മാർച്ച് 4-ന് വീണ്ടും കോടതിയിൽ ഹാജരാകണം. തന്നെ ജൂറി വിചാരണ ചെയ്യണമെന്നാണ് ഡിഡുലോയുടെ ആവശ്യം.

ഫിലിപ്പീൻസിൽ ജനിച്ച റൊമാന ഡിഡുലോ 2021-ലാണ് സ്വയം ‘കാനഡയുടെ രാജ്ഞി’ ആയി പ്രഖ്യാപിക്കുന്നത്. താൻ ലോകത്തെ ഭരിക്കുന്ന ഒരു അദൃശ്യ ശക്തിയുടെ പ്രതിനിധിയാണെന്നും കാനഡയുടെ യഥാർത്ഥ ഭരണാധികാരി താനാണെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. വൈദ്യുതി-വെള്ളം ബില്ലുകൾ ആരും അടയ്ക്കേണ്ടതില്ലെന്ന്‌ നേരത്തെ ഇവർ അനുയായികളെ അറിയിച്ചിരുന്നു. ഇത്‌ വിശ്വസിച്ച് ബില്ലുകൾ അടയ്ക്കാതിരുന്ന പല അനുയായികൾക്കും പിന്നീട് കണക്ഷനുകൾ നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്തു. മൊബൈൽ പാലസ്‌ എന്നറിയപ്പെടുന്ന ഒരു ആഡംബര വണ്ടിയിലാണ് ഇവരും സംഘവും കാനഡയിലുടനീളം സഞ്ചരിക്കുന്നത്. ടെലഗ്രാം ചാനൽ വഴിയാണ് ഇവരുടെ ആശയവിനിമയം. ഏകദേശം 60,000-ത്തോളം അനുയായികൾ ഇവർക്കുണ്ട്‌. കടുത്ത ഗൂഢാലോചന സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവരാണ് ഇവരുടെ അനുയായികളിൽ ഭൂരിഭാഗവും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!