ഓട്ടവ : തീപിടുത്ത സാധ്യതയെ തുടർന്ന് കാനഡയിൽ നൂറുകണക്കിന് മെഴ്സിഡസ്-ബെൻസ് വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. മെഴ്സിഡസ്-ബെൻസിന്റെ 2022, 2023 ഇക്യുബി ക്ലാസ് മോഡലുകളാണ് ബാധിത വാഹനങ്ങൾ. ഈ വാഹനങ്ങളിൽ ഉണ്ടാകുന്ന ഉയർന്ന വോൾട്ടേജ് ബാറ്ററികൾക്കുള്ളിൽ തകരാർ ഉണ്ടാക്കുകയും തൽഫലമായി, ബാറ്ററി മൊഡ്യൂളുകൾ അമിതമായി ചൂടാകാനും ഷോർട്ട് സർക്യൂട്ട് ആകാനും സാധ്യതയുണ്ട്, ഫെഡറൽ ഏജൻസി അറിയിച്ചു. വാഹനം ഓഫാക്കിയിരിക്കുമ്പോഴും ഉയർന്ന വോൾട്ടേജ് കാരണം ഷോർട്ട് സർക്യൂട്ടിനും തീപിടിക്കുന്നതിനും സാധ്യതയുണ്ട്. കാനഡയിൽ 837 വാഹനങ്ങളെ ഈ തകരാർ ബാധിച്ചിട്ടുണ്ട്.

സമാനമായ കാരണത്താൽ മുമ്പ് മെഴ്സിഡസ്-ബെൻസ് വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാൽ, അവ ശരിയായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് ഇപ്പോൾ വീണ്ടും അറ്റകുറ്റപ്പണികൾ ആവശ്യമായ വന്നിരിക്കുന്നത്, ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. അപകടസാധ്യത കുറയ്ക്കുന്നതിന്, വാഹനത്തിന്റെ ചാർജിങ് 80% ആയി സജ്ജീകരിക്കാനും, തിരിച്ചുവിളിക്കൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ നിങ്ങളുടെ വാഹനം പുറത്തും മറ്റ് വാഹനങ്ങളിൽ നിന്നും അകലെ പാർക്ക് ചെയ്യണമെന്ന് മെഴ്സിഡസ്-ബെൻസ് നിർദ്ദേശിച്ചു. വാഹന ഉടമകളെ ഈ പ്രശ്നത്തെക്കുറിച്ച് മെഴ്സിഡസ്-ബെൻസ് മെയിൽ വഴി അറിയിക്കുകയും ഉയർന്ന ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിനായി അവരുടെ വാഹനം ഡീലർഷിപ്പിലേക്ക് എത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും.
