എഡ്മിന്റൻ : പ്രവിശ്യയിൽ താൽക്കാലിക താമസക്കാർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്താനുള്ള ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നീക്കം വിവാദത്തിലേക്ക്. വിദേശ തൊഴിലാളികൾ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ, അഭയാർത്ഥികൾ തുടങ്ങിയവർക്ക് ആരോഗ്യ പരിരക്ഷയും മറ്റ് സാമൂഹിക ആനുകൂല്യങ്ങളും നൽകുന്നത് പ്രവിശ്യയുടെ ഖജനാവിന് വലിയ ബാധ്യതയാണെന്നും മുൻഗണന സ്ഥിരതാമസക്കാർക്കായിരിക്കണമെന്നുമാണ് സ്മിത്തിന്റെ വാദം. ഈ വിഷയത്തിലും മറ്റ് ഭരണഘടനാപരമായ മാറ്റങ്ങളിലും ജനവിധി തേടുന്നതിനായി ഒക്ടോബർ 19-ന് ജനഹിതപരിശോധന നടത്തുമെന്ന് അവർ പ്രഖ്യാപിച്ചു. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എണ്ണവിലയിലുണ്ടായ 30 ശതമാനത്തോളം ഇടിവാണെന്നും അതിന് കുടിയേറ്റക്കാരെ പഴിക്കുന്നത് ശരിയല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2021-ന് ശേഷം കാനഡയിലുണ്ടായ ജനസംഖ്യാ വളർച്ചയുടെ വലിയൊരു ഭാഗം ആൽബർട്ടയിലാണെന്നും ഇത് സേവനങ്ങളെ ബാധിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ നികുതി അടയ്ക്കുന്ന താൽക്കാലിക താമസക്കാരെ മാറ്റിനിർത്തുന്നത് വിവേചനമാണെന്നും ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് സ്മിത്ത് പയറ്റുന്നതെന്നും പ്രതിപക്ഷമായ എൻഡിപി ആരോപിച്ചു. മുൻപ് ‘ആൽബർട്ട ഈസ് കോളിങ്’ എന്ന ക്യാംപെയിനിലൂടെ തൊഴിലാളികളെ ക്ഷണിച്ച സർക്കാർ ഇപ്പോൾ നിലപാട് മാറ്റുന്നത് ഇരട്ടത്താപ്പാണെന്നും വിമർശനമുണ്ട്. വരാനിരിക്കുന്ന ബജറ്റിലെ വൻ സാമ്പത്തിക പ്രതിസന്ധിയും ഫെഡറൽ സർക്കാരിന്റെ കുടിയേറ്റ നയങ്ങളുമാണ് ഇത്തരം കർശന നടപടികളിലേക്ക് നീങ്ങാൻ പ്രവിശ്യയെ പ്രേരിപ്പിക്കുന്നത്.
