വാഷിങ്ടൺ: യു.എസ് സുപ്രീം കോടതിയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ, ആഗോള ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാമ്പത്തിക പരിഷ്‌കാരം കോടതി തടഞ്ഞതിനുള്ള രൂക്ഷപ്രതികരണമായാണ് ഈ നീക്കം. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ‘‘ഇന്നലെ യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ച പരിഹാസ്യവും മോശമായി കുറിക്കപ്പെട്ടതും അങ്ങേയറ്റം വിരുദ്ധവുമായ വിധി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം അറിയിക്കുന്നു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരും’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കോൺഗ്രസിന്റെ അനുമതിയില്ലാതെ വ്യാപകമായ ഇറക്കുമതിത്തീരുവ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം ചോദ്യംചെയ്ത സുപ്രീംകോടതി വിധിയെ ട്രംപ് രൂക്ഷമായി പരിഹസിക്കുകയും ചെയ്‌തു.

കോടതി വിധി യു.എസ്. വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്. അത് അത് അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ, നിയമപരമായി അനുവദനീയമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യു.എസ് താത്‌പര്യം അടിയറവ് ആർക്ക് മുന്നിലും അടിയറ വയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. കോടതി വിധി പ്രസിഡന്റിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തിയിട്ടുണ്ട്, എങ്കിലും നിയമപരമായി തനിക്ക് അനുവദിക്കപ്പെട്ട മറ്റ് മാർഗങ്ങളിലൂടെ നികുതി വർധനയുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. വരും മാസങ്ങളിൽ കൂടുതൽ കടുത്ത നികുതി നടപടികൾ പ്രഖ്യാപിക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.
