Sunday, February 22, 2026

വോട്ടർപട്ടികയിൽ പേരില്ലേ? വിഷമിക്കേണ്ട, വോട്ട് ഉറപ്പാക്കാൻ അപേക്ഷിക്കേണ്ടത് ഇങ്ങനെ

എസ്ഐആറിന്റെ ഭാഗമായി ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേരില്ലേ? ഇനിയും പേരുചേർക്കാൻ അവസരമുണ്ട്. നേരത്തേ വോട്ടുചെയ്തിട്ടുണ്ടെങ്കിലും പുതിയ വോട്ടറായാണ് ഉൾപ്പെടുത്തുകയെന്നുമാത്രം. തിരഞ്ഞെടുപ്പിന് പത്രികനൽകാനുള്ള അവസാനദിവസംവരെ അപേക്ഷിക്കാം. എന്നാൽ, അവസാനംവരെ കാത്തിരിക്കേണ്ട. ഇ-റോൾ അപ്‌ഡേഷന് 10 ദിവസം നിർബന്ധമാണ്. പുതുതായി പേരുചേർക്കുന്നവർക്ക് അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാകും.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (ceokerala.gov.in) ഇതിനുള്ള സൗകര്യമുണ്ട്. 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്കും എസ്ഐആർ സമയത്ത് വോട്ടുചേർക്കാൻ കഴിയാത്തവർക്കും 2026 ജനുവരി ഒന്നിനുശേഷം 18 വയസ്സ് തികയുന്നവർക്കും voters.eci.gov.in വഴിയോ ecinet മൊബൈൽ ആപ്പുവഴിയോ ബി.എൽ.ഒ. വഴിയോ പേരുചേർക്കാൻ അപേക്ഷിക്കാം.

പേരുചേർക്കാൻ ഫോറം ആറ്

പേരുചേർക്കാൻ ഫോറം 6-ൽ അപേക്ഷിക്കണം. പ്രവാസികൾ 6-എയിലും. 17 വയസ്സായവർ മുൻകൂറായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവരെയും 18 തികയുന്ന മുറയ്ക്ക് പട്ടികയിൽ ഉൾപ്പെടുത്തും. നൽകുന്ന രേഖകളുടെ സുരക്ഷയ്ക്കും പ്രോസസിനും അപേക്ഷ ഓൺലൈനിൽ നൽകുന്നതാണ് നല്ലത് (ഓഫ്‌ലൈൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രോത്സാഹിപ്പിക്കുന്നില്ല).

പുതുതായി ചേർക്കുന്നവരുടെ പേര് സപ്ലിമെന്ററി പട്ടികയായി പുറത്തിറക്കും. കൂട്ടിച്ചേർക്കലും തിരുത്തലുമൊക്കെ വരുത്തിയത് ഇതിലുണ്ടാകും.
ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടികയിലും തിരുത്തൽ വരുത്താം. ഫോറം എട്ടിൽ അപേക്ഷിക്കണം. ഇതുവഴി നാലുകാര്യങ്ങൾക്കാണ് സൗകര്യം
ഇ-റോളിലെ തിരുത്തൽ, പേര്-വിലാസം മാറ്റം, വോട്ടർ ഐഡിയുടെ ഡ്യൂപ്ലിക്കേറ്റെടുക്കൽ, ഭിന്നശേഷി രേഖപ്പെടുത്തൽ(പോളിങ് ബൂത്തിൽ വീൽച്ചെയർ ഉൾപ്പെടെയുള്ള സൗകര്യത്തിന് ഭിന്നശേഷി രേഖപ്പെടുത്തൽ ആവശ്യം). തിരഞ്ഞെടുപ്പടുത്താൽ തിരുത്തലിന് സാവകാശം കിട്ടില്ല.

ഹിയറിങ് ഇല്ല

പുതുതായി പേരുചേർക്കുന്നവർക്ക് ഹിയറിങ് ഇല്ല. എന്നാൽ, പേരുചേർക്കാൻ ജനനത്തീയതിയും വിലാസവും തെളിയിക്കുന്ന രേഖ അപ്‌ലോഡ് ചെയ്യണം. ‌ജനനത്തീയതിക്ക്‌ ജനന സർട്ടിഫിക്കറ്റോ എസ്എസ്എൽസി സർട്ടിഫിക്കറ്റോ മതി. വിലാസം തെളിയിക്കാൻ ആധാർ മതിയാകും.

ഒരിടത്തുനിന്ന് പേരുമാറ്റാൻ ഫോറം എട്ടിൽ അപേക്ഷിക്കണം. താമസസ്ഥലം തെളിയിക്കുന്ന രേഖ നൽകണം. അന്തിമപട്ടികയിൽ ഒരേ വീട്ടിലുള്ളവർ വ്യത്യസ്ത ബൂത്തിലാണെങ്കിൽ ഒരിടത്താക്കാൻ ഫോറം എട്ടിൽ അപേക്ഷിക്കണം. താമസസ്ഥലം തെളിയിക്കുന്ന രേഖ നൽകിയാൽ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് വോട്ട്‌ നിലനിർത്താം. ഒരേബൂത്തിൽ പലയിടത്താണ് പേരുകളെങ്കിൽ തത്കാലം മാറ്റാനാകില്ല. ഇത് തിരഞ്ഞെടുപ്പുകമ്മിഷൻ സ്വമേധയാ ചെയ്യുന്നതാണ്. അടുത്ത പ്രത്യേക സമ്മറി റിവിഷനിൽ പരിഹരിക്കും.

തിരിച്ചറിയൽകാർഡ് നൽകും

പുതുതായി പേരുചേർക്കുന്നവർക്ക് വോട്ടർഐഡി കാർഡ് കിട്ടും. ഐഡി കാർഡ് കിട്ടിയില്ലെങ്കിലും കമ്മിഷൻ പറയുന്ന മറ്റുരേഖകളിലൊന്നുകാണിച്ച് വോട്ടുചെയ്യാം. രണ്ടിടത്ത് വോട്ടുണ്ടെങ്കിൽ ഫോറം ഏഴിൽ അപേക്ഷിച്ചാലും തിരഞ്ഞെടുപ്പിനുമുൻപ്‌ മാറ്റണമെന്നില്ല. ഇരട്ടവോട്ട് കുറ്റകരമാണ്. രണ്ടുവോട്ടുണ്ടെങ്കിൽ അക്കാര്യം ബിഎൽഒയെ അറിയിക്കണം. തിരഞ്ഞെടുപ്പിന് അടുത്തദിവസംവരെ കണ്ടെത്തുന്ന ഇരട്ടവോട്ട്, എഎസ്ഡി (സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിപ്പോയവർ, മരിച്ചവർ തുടങ്ങിയവരുടെ പേരുവിവരമുള്ളത്) പട്ടിക രാഷ്ട്രീയപ്പാർട്ടികൾക്കും പ്രിസൈഡിങ് ഓഫീസർക്കും നൽകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!