കല്പറ്റ : വയനാട് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നിർമാണം പൂർത്തിയായി. പെയിന്റിങ്, വയറിങ്, ചുറ്റുമതിൽ നിർമാണം, വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള അണ്ടർഗ്രൗണ്ട് കേബിൾ ജോലികൾ എന്നിവയാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറും.
എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പിൽ അത്യാധുനിക നിലവാരത്തിലുള്ള റോഡുകളും ഓവുചാലുകളുമാണ് ഒരുങ്ങുന്നത്. 2200-ലധികം തൊഴിലാളികളുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഏഴു സെന്റ് ഭൂമിയിൽ 1000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഓരോ വീടും നിർമിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ടൗൺഷിപ്പിന്റെ നിർമാണച്ചുമതല.

ആദ്യഘട്ടത്തിൽ മൂന്ന് സോണുകളിലായി 178 കുടുംബങ്ങൾക്കാണ് വീടുകൾ ലഭിക്കുക. ഇതിനായുള്ള ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ആകെ അഞ്ച് സോണുകളിലായി 410 വീടുകളാണ് പദ്ധതിയിലുള്ളത്. ഉദ്ഘാടന ചടങ്ങിനായി 1500 പേർക്ക് ഇരിക്കാവുന്ന വിപുലമായ പന്തലിന്റെ നിർമാണവും എസ്റ്റേറ്റിൽ പുരോഗമിച്ചുവരുന്നു.
