ഫ്ലോറിഡ: ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച് കൊല്ലപ്പെട്ടയാൾ നോർത്ത് കരോലിന സ്വദേശിയായ ഓസ്റ്റിൻ ടി. മാർട്ടിൻ ആണെന്ന് തിരിച്ചറിഞ്ഞു. ആക്രമണസമയത്ത് ട്രംപ് വാഷിംഗ്ടൺ ഡിസിയിലായിരുന്നു. കൊല്ലപ്പെട്ടയാളുടെ കൈവശം ഒരു ഷോട്ട്ഗണും ഇന്ധനം നിറച്ച കാനുമുണ്ടായിരുന്നെന്നും വസതിയുടെ സുരക്ഷാ വലയം ലംഘിച്ച ഇയാളോട് ആയുധം താഴെയിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്യാസ് കാനി താഴെ വെച്ച ശേഷം ഇയാൾ ഷോട്ട്ഗൺ ഉദ്യോഗസ്ഥർക്ക് നേരെ ചൂണ്ടിയതോടെയാണ് സീക്രട്ട് സർവീസ് ഏജന്റുമാരും ഡെപ്യൂട്ടി ഷെരീഫും വെടിയുതിർത്തത്.

ശനിയാഴ്ച മുതൽ മാർട്ടിനെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. നോർത്ത് കരോലിനയിൽ നിന്നും ഫ്ലോറിഡയിലേക്കുള്ള യാത്രയ്ക്കിടയിലാണോ ഇയാൾ തോക്ക് വാങ്ങിയത് എന്നതിനെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത തോക്കിൽ വെടിയുണ്ടകൾ നിറച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. പ്രസിഡന്റ് ട്രംപിന് നേരെ മുൻപും വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. മാർ-എ-ലാഗോയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി.
