പ്യൂർട്ടോ വല്ലർട്ട: മെക്സിക്കോയിലെ പ്യൂർട്ടോ വല്ലർട്ടയിൽ സുരക്ഷാപ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് എയർ കാനഡ തങ്ങളുടെ വിമാന സർവീസുകൾ താത്‌കാലികമായി നിർത്തിവെച്ചു. മേഖലയിൽ അക്രമം രൂക്ഷമായതിനാൽ കനേഡിയൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കാനഡ സർക്കാർ നിർദ്ദേശിച്ചു.
മെക്സിക്കോയിലെ ഏറ്റവും ശക്തമായ ജാലിസ്കോ ന്യൂ ജനറേഷൻ മയക്കുമരുന്ന് മാഫിയയുടെ തലവൻ നെമെസിയോ ഒസെഗ്വേരസൈനിക നടപടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്.
ക്രിമിനൽ സംഘങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ കത്തിക്കുകയും റോഡുകൾ തടയുകയും ചെയ്തതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ടാക്സി, റൈഡ് ഷെയറിംഗ് സേവനങ്ങളും നിർത്തിവെച്ചു.

എയർ കാനഡയ്ക്ക് പുറമെ വെസ്റ്റ് ജെറ്റ്, പോർട്ടർ തുടങ്ങിയ വിമാന കമ്പനികളും ഈ റൂട്ടിലെ സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്‌തു. ജാലിസ്കോ പ്രവിശ്യയിലുള്ള കനേഡിയൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക മാധ്യമങ്ങളിലൂടെ വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. മയക്കുമരുന്ന് മാഫിയകൾക്കെതിരെ മെക്സിക്കൻ സർക്കാർ നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നതുവരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് എയർ കാനഡ വ്യക്തമാക്കി.
