കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യവും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് (71) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങളും പ്രമേഹവും മൂലം ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മകന്‍ ശുഭ്രാംശു റോയിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
മമത ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു മുകുള്‍ റോയ്. പാര്‍ട്ടിയുടെ ആദ്യകാല ജനറല്‍ സെക്രട്ടറിയായും മമതയുടെ വിശ്വസ്തനായും അറിയപ്പെട്ട അദ്ദേഹം, 2011-ല്‍ തൃണമൂലിനെ ബംഗാളില്‍ അധികാരത്തിലെത്തിച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ ‘ചാണക്യന്‍’ കൂടിയായിരുന്നു. യുപിഎ-2 സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര റെയില്‍വേ മന്ത്രിയായും കപ്പല്‍ ഗതാഗത മന്ത്രാലയത്തില്‍ സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2017-ല്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കിക്കൊടുത്തു. പിന്നീട് 2021-ല്‍ ബിജെപി ടിക്കറ്റില്‍ എംഎല്‍എയായി ജയിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തൃണമൂലിലേക്ക് തന്നെ മടങ്ങിയെത്തി. ഈ കൂറുമാറ്റവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ തുടരുന്നതിനിടെയാണ് വിയോഗം. മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
