ബുഡപെസ്റ്റ്: റഷ്യക്കുമേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റെ (EU) നീക്കങ്ങൾ തടയുമെന്ന ഭീഷണിയുമായി ഹംഗറി. യുക്രെയ്ൻ വഴിയുള്ള റഷ്യൻ എണ്ണ വിതരണം പുനഃസ്ഥാപിക്കാതെ ഉപരോധ പാക്കേജിനെ അനുകൂലിക്കില്ലെന്ന് ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റർ സിജാർട്ടോ വ്യക്തമാക്കി. യുക്രെയ്നിലേക്കുള്ള 9,000 കോടി ഡോളറിന്റെ സാമ്പത്തിക സഹായം തടയുമെന്നും ഹംഗറി അറിയിച്ചു.
റഷ്യൻ ഡ്രോൺ ആക്രമണത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ജനുവരി മുതൽ ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. യുക്രെയ്ൻ മനഃപൂർവ്വം എണ്ണ തടയുകയാണെന്നാണ് ഹംഗറിയുടെ ആരോപണം. ഇതിന് തിരിച്ചടിയായി യുക്രെയ്നിലേക്കുള്ള ഡീസൽ വിതരണം നിർത്തലാക്കാൻ ഹംഗറിയും സ്ലൊവാക്യയും തീരുമാനിച്ചു. എണ്ണ ലഭിച്ചില്ലെങ്കിൽ യുക്രെയ്നിലേക്കുള്ള അടിയന്തര വൈദ്യുതി വിതരണം നിർത്തുമെന്ന് സ്ലൊവാക്യയും മുന്നറിയിപ്പ് നൽകി.

ഹംഗറിയുടെയും സ്ലൊവാക്യയുടെയും നിലപാടുകളെ യുക്രെയ്ൻ ശക്തമായി അപലപിച്ചു. അതിശൈത്യത്തിനിടയിൽ ഊർജ്ജ പ്രതിസന്ധി നേരിടുന്ന തങ്ങളെ ഭീഷണിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഈ രാജ്യങ്ങൾ റഷ്യയെ സഹായിക്കുകയാണെന്നും യുക്രെയ്ൻ ആരോപിച്ചു. എന്നാൽ തന്റെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് റഷ്യൻ എണ്ണ അനിവാര്യമാണെന്നാണ് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നിലപാട്.
