ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. റമദാൻ മാസത്തിൽ നടന്ന ഈ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാർ കൊല്ലപ്പെട്ടത് തികച്ചും പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) പ്രസ്താവിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാൻ്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, സ്വാതന്ത്ര്യം എന്നിവയ്ക്ക് ഇന്ത്യ പൂർണ്ണ പിന്തുണ ആവർത്തിച്ചു. സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളിൽ നിന്നും സുരക്ഷാ വീഴ്ചകളിൽ നിന്നും ലോകശ്രദ്ധ തിരിക്കാനുള്ള പാക്കിസ്ഥാൻ്റെ മറ്റൊരു ശ്രമമാണിതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ നംഗർഹാർ, പക്തിക പ്രവിശ്യകളിലാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.

തീവ്രവാദ താവളങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുമ്പോൾ, താവളങ്ങൾക്ക് പകരം വീടുകളും മദ്രസകളുമാണ് തകർക്കപ്പെട്ടതെന്ന് അഫ്ഗാൻ ഭരണകൂടം വ്യക്തമാക്കി. ഒരു കുടുംബത്തിലെ 16 പേർ ഉൾപ്പെടെ 18 സാധാരണക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണത്തെത്തുടർന്ന് അഫ്ഗാൻ ഭരണകൂടം പാക്കിസ്ഥാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിന് കൃത്യമായ സമയത്ത് മറുപടി നൽകുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.മേഖലയിലെ സമാധാനം തകർക്കുന്ന ഇത്തരം പ്രകോപനപരമായ നടപടികൾ പാക്കിസ്ഥാൻ നിർത്തലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
