Sunday, February 22, 2026

പുതുക്കിപ്പണിത കലൂർ സ്റ്റേഡിയത്തിൽ ‘വെള്ളച്ചാട്ടം’; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക

കൊച്ചി : ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വൻ ചോർച്ച. ശനിയാഴ്ച രാത്രി പെയ്ത മഴയിൽ മേൽക്കൂരയിൽ നിന്ന് ഗാലറിയിലെ ഇരിപ്പിടങ്ങളിലേക്ക് വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അർജന്റീന ടീമിന്റെ സന്ദർശനം ലക്ഷ്യമിട്ട് കോടികൾ ചിലവിട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ദുരവസ്ഥ എന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മെസ്സിയും സംഘവും എത്തുമെന്ന പ്രതീക്ഷയിൽ ഏകദേശം 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്പോൺസർമാർ സ്റ്റേഡിയത്തിൽ ആരംഭിച്ചിരുന്നത്. എന്നാൽ അർജന്റീനയുടെ വരവ് അനിശ്ചിതത്വത്തിലായതോടെ ജോലികൾ പാതിവഴിയിൽ നിലച്ചു. രാജ്യാന്തര നിലവാരത്തിലുള്ള നവീകരണം നടത്തിയെന്ന് അവകാശപ്പെടുമ്പോഴും ആദ്യ മഴയിൽ തന്നെ മേൽക്കൂര ചോർന്നത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. നവീകരണത്തിനായി കൃത്യമായി എത്ര തുക ചിലവഴിച്ചു എന്നതിലും അവ്യക്തത തുടരുന്നു.

സ്റ്റേഡിയത്തിലെ ചോർച്ചയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രൂക്ഷമായ ട്രോളുകളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. “കളി കാണാൻ വരുന്നവർക്ക് ബോണസായി വെള്ളച്ചാട്ടവും കാണാം”, “മെസ്സിക്ക് കുളിക്കാൻ ഷവർ റെഡി” തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വൈകിട്ട് മഴ പെയ്താൽ കുടചൂടി കളി കാണേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇന്ന് ഗാലറിയിലെത്തുന്ന ആയിരക്കണക്കിന് ആരാധകർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!