ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. സൈന്യം, പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് രാവിലെ 11 മണിയോടെയാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്.
‘ഓപ്പറേഷൻ ത്രാഷി-I’ (Operation Thrashi-I) എന്ന് പേരിട്ട ഈ ദൗത്യം അതീവ ജാഗ്രതയോടെയാണ് സൈന്യം പൂർത്തിയാക്കിയത്. ഒരു മലഞ്ചെരിവിലെ മൺകട്ടകൾ കൊണ്ട് നിർമ്മിച്ച വീട്ടിലായിരുന്നു ഭീകരർ ഒളിച്ചിരുന്നത്. സൈനികരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരർ വെടിയുതിർത്തതോടെ തിരച്ചിൽ ശക്തമായ ഏറ്റുമുട്ടലായി മാറുകയായിരുന്നു.

തന്ത്രപരമായ നീക്കത്തിലൂടെ ഭീകരർ ഒളിച്ചിരുന്ന കേന്ദ്രം സൈന്യം പൂർണ്ണമായും വളയുകയും രണ്ട് പേരെയും വധിക്കുകയും ചെയ്തു. സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ സേന തിരച്ചിൽ തുടരുകയാണ്.
