നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യത്തോട് സന്നദ്ധത അറിയിക്കാതെ കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മലബാറില്‍ യുഡിഎഫിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കാന്‍ മുല്ലപ്പള്ളിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കണ്ണൂര്‍ ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലോ കോഴിക്കോട് ജില്ലയിലെ നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. എന്നാല്‍ കൊയിലാണ്ടിയില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് സൂചന.

മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലൊരു മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉണ്ടാകുന്നത് മലബാറിലെ യുഡിഎഫ് ക്യാമ്പിന് വലിയ ഊര്‍ജ്ജം നല്‍കുമെന്ന് ഹൈക്കമാന്‍ഡും കരുതുന്നു. പ്രത്യേകിച്ച് ഈഴവ സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ താന്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മുല്ലപ്പള്ളി പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. താന്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന മുന്‍ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുമോ അതോ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക സ്‌ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എമാര്‍, സംവരണ മണ്ഡലങ്ങള്‍, തര്‍ക്കങ്ങളില്ലാത്ത ഏകനാമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആദ്യ പട്ടിക അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തവണയും അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി വൈകാതെ തന്നെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കി ഹൈക്കമാന്‍ഡിന് കൈമാറും.
