മുംബൈ : നഗരത്തിൽ 2025-ൽ കാണാതായ കുട്ടികളിൽ 99 ശതമാനം പേരെയും കണ്ടെത്തി മുംബൈ പൊലീസ് മാതൃകയായി. കഴിഞ്ഞ വർഷം കാണാതായ 2,182 കുട്ടികളിൽ 2,165 പേരെയും സുരക്ഷിതമായി രക്ഷിതാക്കളുടെ അടുത്തെത്തിക്കാൻ പൊലീസിന് സാധിച്ചു. കുട്ടികളെ കണ്ടെത്താനായി മാത്രം അഞ്ചോളം പ്രത്യേക സംഘങ്ങൾ നഗരത്തിൽ സദാസമയവും പരിശോധന നടത്തുന്നുണ്ട്. കാണാതായവരിൽ 55 ശതമാനം പേരും ആൺകുട്ടികളാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അന്വേഷണം കാര്യക്ഷമമാക്കാൻ അഞ്ച് പ്രായപരിധികളായി തിരിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്. ഒരിക്കൽ കണ്ടെത്തി വീട്ടിലെത്തിച്ച കുട്ടികൾ തന്നെ വീണ്ടും ഒളിച്ചോടുന്ന പ്രവണതയും പൊലീസ് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ മൂന്നും നാലും തവണ വീട്ടിലെത്തിച്ച സംഭവങ്ങളുമുണ്ട്. 2026-ലും കുട്ടികളെ കണ്ടെത്താനുള്ള ദൗത്യം ഊർജ്ജിതമായി തുടരുകയാണ്. ഈ വർഷം ഇതുവരെ കാണാതായ 178 കുട്ടികളിൽ 161 പേരെയും ഇതിനോടകം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു.
