അഹമ്മദാബാദ്: സൂപ്പർ എട്ടിലെ പോരിൽ 76 റൺസിന് ഇന്ത്യയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ മറുപടി 18.4 ഓവറിൽ 111 റൺസ് എന്ന സ്കോറിൽ അവസാനിച്ചു. മികച്ച ബൗളിംഗ്, ഗംഭീര ഫീൽഡിംഗ് എന്നിവയിലൂടെയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്തെറിഞ്ഞത്. ആദ്യ ഓവറിൽ തന്നെ തകർപ്പൻ ഫോമിലുള്ള ഇഷാൻ കിഷൻ 0(4) മടങ്ങി. തിലക് വർമ്മ 1(2), അഭിഷേക് ശർമ്മ 15(12) എന്നിവരും അധികം വൈകാതെ മടങ്ങിയതോടെ 26ന് മൂന്ന് എന്ന നിലയിലേക്ക് ഇന്ത്യ വീണു. ആദ്യം തന്നെയുണ്ടായ തിരിച്ചടിയിൽ നിന്നും പുറത്തേക്ക് വരാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 18(22), വാഷിംഗ്ടൺ സുന്ദർ 11(11) എന്നിവരുടെ പ്രകടനവും മങ്ങിയതോടെ ഇന്ത്യ 9 ഓവറിൽ 51ന് അഞ്ച് എന്ന ദയനീയ സ്കോറിലേക്ക് വീണു. ഹാർദിക് പാണ്ഡ്യ (18), റിങ്കു സിംഗ് (0) എന്നിവർ കേശവ് മഹാരാജിന്റെ പന്തിൽ പുറത്താവുകകൂടി ചെയ്തതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി.

ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ കൃത്യതയാർന്ന പ്രകടനമാണ് ഇന്ത്യയെ കുഴപ്പിച്ചു. പവർപ്ലേ ഓവറുകളിൽതന്നെ പേടിച്ചാണ് ഇന്ത്യ കളിച്ചത്. പവർപ്ലേയിൽ 31 റൺസ് മാത്രമാണ് നേടിയത്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 20ന് മൂന്ന് എന്ന നിലയിലായിരുന്ന പ്രോട്ടീസിനെ ഡിവാൾ ബ്രെവിസും ഡേവിഡ് മില്ലറും ചേർന്നാണ് കര കയറ്റിയത്. 35 പന്തിൽനിന്ന് 65 അടിച്ചെടുത്ത മില്ലറും 29 പന്തിൽനിന്ന് 45 എടുത്ത ബ്രെവിസും ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചെങ്കിലും ഇരുവരുടെയും പുറത്താകലോടെ റണ്ണൊഴുക്ക് നിലച്ചു. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187-ൽ ഒതുങ്ങി. ക്യാപ്റ്റൻ മർക്രം (4), ക്വിന്റൺ ഡി കോക്ക് (6), റയാൻ റിക്കിൾട്ടൺ (7) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസിന് ആദ്യ നാലാവോറുകൾക്കുള്ളിൽ തന്നെ നഷ്ടമായത്. ബുറം മൂന്നും അർഷ്ദീപ് സിങ് രണ്ടും ശിവം ദുബെ, വരുൺ ചക്രവർത്തിഎന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആദ്യ മത്സരമാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. പ്രാഥമിക റൗണ്ടിൽ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെത്തിയത്.
