ഓട്ടവ : കാനഡയിൽ അഭയാർത്ഥികൾക്ക് നൽകുന്ന ആരോഗ്യ ആനുകൂല്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ ഉടനടി നാടുകടത്തണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി കൺസർവേറ്റീവ് പാർട്ടി. അഭയാർത്ഥികൾക്കായി ചിലവാക്കുന്ന തുക 2028-ഓടെ പ്രതിവർഷം 150 കോടി ഡോളറായി ഉയരുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവിന്റെ ഈ നീക്കം. സാധാരണ കാനഡക്കാർക്ക് ലഭിക്കാത്ത പല സൗജന്യ ചികിത്സകളും അഭയാർത്ഥികൾക്ക് നൽകുന്നത് നികുതിദായകരോടുള്ള അനീതിയാണെന്ന് അദ്ദേഹം ആരോപിച്ചു.

അഭയാർത്ഥി അപേക്ഷ നിരസിക്കപ്പെട്ടവർക്ക് അടിയന്തര ചികിത്സകൾ മാത്രമായി ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. കൂടാതെ, കുറ്റവാളികളായ വിദേശികളെ നിയമപരമായ പഴുതുകൾ ഉപയോഗിക്കാൻ അനുവദിക്കാതെ എത്രയും വേഗം പുറത്താക്കണമെന്നും കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെടുന്നു. അതേസമയം, വർധിച്ചുവരുന്ന ചിലവ് കണക്കിലെടുത്ത് അഭയാർത്ഥികൾ ചികിത്സാ ചെലവിന്റെ ഒരു ഭാഗം സ്വന്തമായി വഹിക്കണമെന്ന പുതിയ നിബന്ധന മെയ് ഒന്ന് മുതൽ നടപ്പിലാക്കാൻ ഫെഡറൽ സർക്കാരും തീരുമാനിച്ചിട്ടുണ്ട്.
