Monday, February 23, 2026

കാനഡയിൽ പുരുഷന്മാരുടെ ആരോഗ്യത്തിനായി പുതിയ ദേശീയ നയം; സർവേ ഉടൻ

ഓട്ടവ: കാനഡയിലെ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായുള്ള ആദ്യത്തെ ദേശീയ ആരോഗ്യ നയം രൂപീകരിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി ഫെഡറൽ സർക്കാർ. ഇതിന്റെ ഭാഗമായി കനേഡിയൻ പൗരന്മാരുടെ അഭിപ്രായങ്ങൾ അറിയുന്നതിനായി ഒരു ദേശീയ സർവേ ഉടൻ ആരംഭിക്കും. ഫെഡറൽ ആരോഗ്യ മന്ത്രി മാർജറി മിഷേലിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഈ പുതിയ നയം ഈ വർഷം അവസാനത്തോടെ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം മോവംബർ (Movember) എന്ന സംഘടനയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ ഗവേഷകരും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടാണ് ഇത്തരമൊരു ദേശീയ നയത്തിന്റെ ആവശ്യകതയിലേക്ക് സർക്കാരിന്റെ ശ്രദ്ധ തിരിച്ചത്. 2023-ൽ മാത്രം കാനഡയിൽ 75,000 പുരുഷന്മാർ അകാലത്തിൽ മരണപ്പെട്ടുവെന്നും ഇതിൽ ഭൂരിഭാഗവും തടയാനാകുമായിരുന്ന കാരണങ്ങളാലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാലും ചികിത്സ തേടാൻ പുരുഷന്മാർ വിമുഖത കാണിക്കുന്നുവെന്നും ആദ്യഘട്ടത്തിൽ ചികിത്സ തേടുമ്പോൾ പകുതിയിൽ താഴെ പേർക്ക് മാത്രമാണ് തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ ശരിയായി കേൾക്കപ്പെടുന്നുണ്ടെന്ന തോന്നൽ ഉണ്ടായതെന്നും പഠനം വ്യക്തമാക്കുന്നു.

മോവംബർ കാനഡയുമായി ചേർന്നാണ് ഹെൽത്ത് കാനഡ ഈ നയം വികസിപ്പിക്കുന്നത്. പുരുഷന്മാരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിലൂടെ നികുതിപ്പണത്തിൽ പ്രതിവർഷം 1.24 കോടി ഡോളറിന്റെ ലാഭമുണ്ടാക്കാൻ കഴിയുമെന്നും ഉൽപ്പാദനക്ഷമത വർധിക്കുന്നതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ അധിക നേട്ടം രാജ്യത്തിന് ലഭിക്കുമെന്നും ഹെൽത്ത് കാനഡ അറിയിച്ചു. കാനഡയെ ശക്തമാക്കുന്നതിന് സമൂഹത്തിലെ എല്ലാവരുടെയും പൂർണ്ണ പങ്കാളിത്തം ആവശ്യമാണെന്നും പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമല്ല, എല്ലാ കനേഡിയൻ പൗരന്മാർക്കും ഗുണകരമാകുന്ന ഒരു ആരോഗ്യ നയം രൂപീകരിക്കാൻ സഹായിക്കണമെന്നും മന്ത്രി മാർജറി മിഷേൽ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!