വൻകൂവർ : വടക്കുപടിഞ്ഞാറൻ ബ്രിട്ടിഷ് കൊളംബിയയിലെ തണുത്തുറഞ്ഞ തടാകത്തിൽ നിന്ന് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അനാഹിം ലേക്ക് ആർസിഎംപി അറിയിച്ചു. ഫെബ്രുവരി 17 മുതൽ കാണാതായ 100 മൈൽ ഹൗസിൽ നിന്നുള്ള 65 വയസ്സുള്ള പുരുഷനും 58 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്.

ഫെബ്രുവരി 20 ന് ഇരുവരെയും കാണാതായതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച ദമ്പതികളെ ഷാർലറ്റ് തടാകത്തിലെ മഞ്ഞിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും സ്നോമൊബൈലിൽ സഞ്ചരിക്കുമ്പോൾ മഞ്ഞുപാളികൾ തകർന്നു തണുത്തുറഞ്ഞ തടാകത്തിലേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഇവരെ കാണാതായതായി റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാൽ, തടാകത്തിന്‍റെ ഉപരിതലം വീണ്ടും ഉറഞ്ഞുപോയതോടെ തിരച്ചിൽ ദുഷ്കരമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഐസ് ഡൈവിങ് പരിശീലനം നേടിയ ആർസിഎംപി അണ്ടർവാട്ടർ റിക്കവറി ടീമിലെ അംഗങ്ങളുടെ സഹായത്തോടെയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ബിസി കൊറോണേഴ്‌സ് സർവീസ് അന്വേഷണം ആരംഭിച്ചു.

അതിശൈത്യത്തിനിടയിൽ മഞ്ഞുപാളികൾക്ക് മുകളിലൂടെ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് അനാഹിം ലേക്ക് ആർസിഎംപി മുന്നറിയിപ്പ് നൽകി. സുരക്ഷിതമെന്ന് ഉറപ്പുള്ള ഇടങ്ങളിൽ മാത്രം വിനോദങ്ങളിൽ ഏർപ്പെടണമെന്നും ഐസ് പാളികൾ കാണുന്നതുപോലെ ഉറപ്പുള്ളതാണെന്ന് കരുതരുതെന്നും അധികൃതർ നിർദ്ദേശിച്ചു. താപനില ഉയരുന്നതോടെ മഞ്ഞുപാളികൾ കൂടുതൽ ദുർബലമാക്കുമെന്നും ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും പൊലീസ് പറയുന്നു.
