ടൊറന്റോ: ടൊറന്റോയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായി എയർബിഎൻബി (Airbnb). ലോകകപ്പ് കാലയളവിൽ ആദ്യമായി തങ്ങളുടെ വീടുകൾ വാടകയ്ക്ക് നൽകാൻ തയ്യാറാകുന്നവർക്ക് 1,000 ഡോളർ ബോണസ് നൽകുമെന്ന് കമ്പനി അറിയിച്ചു. ഇപ്പോൾ മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ വീട് വാടകയ്ക്ക് നൽകാനായി സൈൻ അപ്പ് ചെയ്യുന്ന പുതിയ ഹോസ്റ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ലോകകപ്പ് വേളയിൽ ടൊറന്റോ നിവാസികൾക്ക് സ്വന്തം വീടുകൾ വാടകയ്ക്ക് നൽകുന്നതിലൂടെ ഏകദേശം 2,700 ഡോളർ വരെ സമ്പാദിക്കാൻ കഴിയുമെന്ന് ഡെലോയിറ്റിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു.
ഈ ആനുകൂല്യം ലഭിക്കുന്നതിന് ചില കർശനമായ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അപേക്ഷകർ പുതിയ ഹോസ്റ്റുകൾ ആയിരിക്കണം എന്നതിനൊപ്പം വീട് പൂർണ്ണമായും വാടകയ്ക്ക് നൽകാൻ ലഭ്യമായിരിക്കണം. കൂടാതെ ടൊറന്റോ സിറ്റിയുടെ ഷോർട്ട് ടേം റെന്റൽ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ ഇല്ലാത്ത വീടുകൾ ലിസ്റ്റ് ചെയ്യാൻ പ്ലാറ്റ്‌ഫോം അനുവദിക്കില്ലെന്ന് എയർബിഎൻബി വക്താവ് മാറ്റ് മക്നാമ വ്യക്തമാക്കി. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റിയും അറിയിച്ചിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ബി.എം.ഒ ഫീൽഡിന് അടുത്തുള്ള ലിബർട്ടി വില്ലേജ് പോലുള്ള പ്രദേശങ്ങളിൽ ഷോർട്ട് ടേം റെന്റലുകൾക്ക് വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഈ നീക്കത്തിനെതിരെ ചില താമസക്കാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങളും കെട്ടിടങ്ങളുടെ സമാധാനാന്തരീക്ഷം തകരുന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സിറ്റിക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിന്റെ ഒരു പങ്ക് സാധാരണക്കാർക്കും ലഭിക്കുന്നത് നല്ലതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഫെയർബിഎൻബി (Fairbnb) കാനഡ പോലുള്ള സംഘടനകൾ ഈ പ്രവണതയ്ക്കെതിരെ മുന്നറിയിപ്പ് നൽകി. പല കോണ്ടോമിനിയം കെട്ടിടങ്ങളും ഇത്തരം വാടകയ്ക്ക് നൽകുന്നത് നിരോധനമുണ്ടെങ്കിലും പലപ്പോഴും ഇത് ലംഘിക്കപ്പെടാറുണ്ട്. ലാഭം മാത്രം ലക്ഷ്യമിട്ട് ദീർഘകാല വാടകക്കാരെ ഒഴിപ്പിക്കാനും വീടുകൾ ഹോട്ടലുകളായി മാറ്റാനും ഇത്തരം ഇൻസെന്റീവുകൾ കാരണമാകുമെന്ന് ഇവർ ഭയപ്പെടുന്നു. ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ഇത്തവണത്തെ ഫിഫ ലോകകപ്പ് നടക്കുന്നത്.
